ബാർ കോഴ: ഗൂഢാലോചന തെളിയിക്കുക വെല്ലുവിളി; കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
Mail This Article
തിരുവനന്തപുരം∙ മദ്യനയം മാറ്റുന്നതിനു പണം പിരിക്കാൻ ബാർ അസോസിയേഷൻ നേതാവ് അനിമോൻ നിർദേശിക്കുന്ന വാട്‌സാപ് സന്ദേശത്തിന്റെ പേരിൽ കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. അസോസിയേഷന്റെ ആസ്ഥാന മന്ദിരം നിർമിക്കാനുള്ള പണം കണ്ടെത്താനാണ് ശബ്ദ സന്ദേശം അയച്ചതെന്നാണ് ഇടുക്കി സ്വദേശി അനിമോൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. സർക്കാരിന് പണം നൽകണമെന്ന കാര്യം ശബ്ദ സന്ദേശത്തിൽ പറയുന്നില്ലെന്നും അനിമോന്റെ മൊഴിയിലുണ്ട്.
മദ്യനയം മാറ്റാൻ പണം പിരിച്ചില്ലെന്ന് ഇടുക്കിയിലെ മറ്റ് ബാറുടമകളും മൊഴി നൽകി. ഇതോടെ, അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമെന്ന് ഉറപ്പായി. പണം പിരിച്ചതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയേക്കും. ബാർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. അനിമോൻ ശബ്ദ സന്ദേശം അയച്ച സാഹചര്യവും, ഇതു പ്രചരിപ്പിച്ചതാരെന്നും പരിശോധിക്കുന്നുണ്ട്.
പണം നൽകാനല്ല ശബ്ദ സന്ദേശം അയച്ചതെന്ന് ബാറുടമകൾ തന്നെ മൊഴി നൽകിയ സാഹചര്യത്തിൽ ഗൂഢാലോചനയുണ്ടോ എന്നു തെളിയിക്കുക വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പുതിയ മദ്യനയം വരുമെന്നും ഒന്നാം തീയതിയിലെ ഡ്രൈ ഡേ എടുത്തു കളയുമെന്നുമാണ് അനിമോന്റെ ശബ്ദ സന്ദേശത്തിലുള്ളത്. ഇതൊക്കെ ചെയ്തു തരണമെന്നുണ്ടെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണമെന്നും, 2.5 ലക്ഷം രൂപ വീതം കൊടുക്കാൻ പറ്റുന്നവർ അക്കാര്യം ഗ്രൂപ്പിൽ അറിയിക്കണമെന്നുമാണ് അനിമോന്റെ ശബ്ദ സന്ദേശത്തിലുള്ളത്.
പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുവന്നതോടെ എക്സൈസ് മന്ത്രി എം.ബി.രാജേഷ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തു നൽകുകയായിരുന്നു. ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. എസ്പി മധുസൂദനനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.