ശത്രുക്കളുടെ നിരീക്ഷണ റഡാറുകൾ അടക്കം തകർക്കും; രുദ്രം-2 മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
Mail This Article
ന്യൂഡല്‍ഹി∙ എയര്‍ ടു സര്‍ഫേസ് ആന്റി റേഡിയേഷന്‍ സൂപ്പര്‍സോണിക്ക് മിസൈലായ രുദ്രം-2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. നാലു വര്‍ഷങ്ങള്‍ക്ക് മുൻപാണ് രുദ്രം മിസൈലിന്റെ ആദ്യ പതിപ്പായ രുദ്രം-1 ആദ്യമായി പരീക്ഷിച്ചത്. നിലവില്‍ ഇന്ത്യ റഷ്യയുടെ കെഎച്ച്-31 ആന്റി റേഡിയേഷന്‍ മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിനു പകരമായാകും രുദ്രം മിസൈലുകൾ ഇനി ഉപയോഗിക്കുക.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനാണ് (ഡിആര്‍ഡിഒ) മിസൈൽ വികസിപ്പിച്ചത്. ശത്രുക്കളുടെ നിരീക്ഷണ റഡാറുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും തകര്‍ക്കുന്നതിനും വേണ്ടി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി റേഡിയേഷന്‍ മിസൈലാണ് രുദ്രം. വിവിധ ഉയരങ്ങളില്‍നിന്ന് വിക്ഷേപിക്കാനാവുന്ന രുദ്രം മിസൈലുകള്‍ക്ക് 100 കിലോമീറ്ററിലേറെ ദൂരത്തുനിന്ന് ശത്രുക്കളുടെ റഡാറുകളില്‍ നിന്നുള്ള സിഗ്നലുകളും റേഡിയോ ഫ്രീക്വൻസികളും പിടിച്ചെടുക്കാനാകും.