ADVERTISEMENT

കോഴിക്കോട്∙ കേരളത്തിലെ യാത്രക്കാർക്ക് വേണ്ടി അത്യാഡംബര ബസുകൾ നിരത്തിലിറക്കാൻ പോകുകയാണ് കർണാടക ആർടിസി. ഏറ്റവും ലാഭകരമായി സർവീസ് നടത്തുന്ന കൊച്ചി–കോഴിക്കോട്–ബെംഗളൂരു റൂട്ടിലാണ് പുതിയ സർവീസ്. മലയാളികളെ മുന്നിൽക്കണ്ട് പുതിയ ബസുകൾ ഇറങ്ങുന്നതോടെ തിരിച്ചടി നേരിടാൻ പോകുന്നതാകട്ടെ കേരള ആർടിസിക്കും. കൊച്ചി, കോഴിക്കോട്–ബെംഗളൂരു യാത്രക്കാരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. നിലവിലുള്ള ബസ്, ട്രെയിൻ യാത്രാ സൗകര്യങ്ങൾ പരിമിതമാണ്. കേരള ആർടിസി കൂടുതൽ ബസുകൾ ഈ റൂട്ടിൽ ഓടിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. കേരള ആർടിസി അനുകൂലമായ തീരുമാനം എടുക്കാൻ വൈകുന്നതിനിടെയാണ് കർണാടക നിരത്തിലിറങ്ങി കളിക്കുന്നത്. 

കേരള ആർടിസി നടത്തുന്ന കോഴിക്കോട്– ബെംഗളൂരു സർവീസുകൾ എല്ലാം ലാഭത്തിലാണ്. സൂപ്പർ ഫാസ്റ്റ് മുതൽ മൾട്ടി ആക്സിൽ ബസ് വരെ ഇവയിൽപ്പെടും. ഏറ്റവും ഒടുവിലായി നവകേരള സദസിന് ഉപയോഗിച്ച ബസും ഇപ്പോൾ ഗരുഡ പ്രീമിയമായി ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. 1,250 രൂപയാണ് ഈ ബസിലെ ടിക്കറ്റ് നിരക്ക്. രാവിലെ നാലിന് പുറപ്പെട്ട് ഉച്ചയ്ക്ക് ബെംഗളൂരുവിലെത്തി 2.30ന് തിരിച്ചുപോരുന്ന തരത്തിലാണ് സർവീസ്. ആളുകൾക്ക് സൗകര്യപ്രദമല്ലാത്ത യാത്രാസമയമായിട്ടും ഉയർന്ന ടിക്കറ്റ് നിരക്കായിട്ടും ഈ സർവീസും ലാഭത്തിലാണ് ഇതുവരെ ഓടിയത്. കോഴിക്കോടു നിന്നും അത്രയേറെ യാത്രക്കാർ ബെംഗളൂരുവിലേക്ക് പോകുന്നുണ്ട്. കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കണമെന്ന് കേരള ആർടിസിയോട് ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. കേരള സർക്കാർ ഈ ആവശ്യം അവഗണിച്ചെങ്കിലും കർണാടക സർക്കാർ ഇക്കാര്യം ഗൗരവത്തിലെടുത്തു. ഒന്നാം തരം ബസുകളെ കർണാടക റോഡിലിറക്കുന്നത് ലാഭം മുന്നിൽ കണ്ടു തന്നെയാണ്. 

ബെംഗളൂരു–കൊച്ചി ഇടനാഴി

കൊച്ചിയും ബെംഗളൂരുവും ടെക്കികളുടെ ബിസിനസുകാരുടെയും കേന്ദ്രമാണ്. രണ്ട് നഗരങ്ങളിേലക്കും ഇടയ്ക്കിടെ പോയി വരുന്ന ഐടി പ്രഫഷണലുകളും നിരവധി. വലിയ കമ്പനികളിൽ ജോലി ചെയ്യുന്ന ഇത്തരക്കാർ ടിക്കറ്റ് നിരക്കിനേക്കാൾ സൗകര്യത്തിനാണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് ഇവർ എസി മൾട്ടി ആക്സിൽ ബസുകളാണ് കൂടുതലും തിരഞ്ഞെടുക്കുക. കൊച്ചിയിൽ നിന്ന് വൈകിട്ട് തുടങ്ങുന്ന യാത്ര രാവിലെ ബെംഗളൂരുവിൽ എത്തുന്നതാണ് രീതി. ബസിൽ കയറി ഉറങ്ങി ഉണരുമ്പോഴേക്കും ബെംഗളൂരു എത്തും. അതുകൊണ്ട് ദിവസം നഷ്ടപ്പെടില്ല. 

സമാനമായ സാഹചര്യം തന്നെയാണ് മലബാറിലും. മുൻപ് ആഴ്ചയുടെ അവസാനങ്ങളിലും ഉത്സവകാലത്തുമായിരുന്നു തിരക്കെങ്കിൽ ഇപ്പോൾ എല്ലാ ദിവസവും ബസിൽ നിറയെ ആൾക്കാരുണ്ടെന്ന് കെഎസ്ടി ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഷൈജു പറഞ്ഞു. മൈസൂരു–ബെംഗളൂരു റോഡ് പത്ത് വരിയായി വികസിപ്പിച്ചതോടെ കൽപറ്റയിൽ നിന്ന് 6 മണിക്കൂർ കൊണ്ട് ബെംഗളൂരുവിലെത്താൻ സാധിക്കും. റോഡ് വികസിക്കുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്തെങ്കിലും അതിനനുസരിച്ച് ബസുകളുടെ എണ്ണം കൂടിയില്ല. 

ഒടുവിൽ മലയാളികളുടെ നിരന്തര ആവശ്യം കർണാടക സർക്കാർ കണക്കിലെടുത്തു. പുത്തൻ മൾട്ടി ആക്സിൽ സ്ലീപ്പർ എസി അംബാരി ബസുകളാണ് കൊച്ചിയിലേക്കും കോട്ടയത്തേക്കും ഓടിക്കാൻ പോകുന്നത്. എറണാകുളത്തേക്ക് അംബാരി ഉത്സവും കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് അംബാരി ഡ്രീം ക്ലാസ് സർവീസുകളുമാണ് ആരംഭിക്കുന്നത്. പുതിയ ബസുകൾ ലഭിക്കുന്നതോടെ ഒരു മാസത്തിനുള്ളിൽ സർവീസ് തുടങ്ങും. നിലവിൽ എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കാണ് വോൾവോയുടെ അംബാരി ഉത്സവ് സർവീസുള്ളത്. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്ക് നിലവിലോടുന്ന ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പർ ബസുകൾക്ക് പകരമാണ് സ്ലീപ്പർ ബസുകൾ ഓടിക്കുക. 

കാശല്ല പ്രശ്നം, യാത്രാ സൗകര്യമാണ്

കേരള ആർടിസിയിൽ ഉത്സവ കാലത്തും അല്ലാത്തപ്പോഴും ഒരേ ടിക്കറ്റ് നിരക്കാണ്. എന്നാൽ കർണാടക ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തും. ആഴ്ചയുടെ അവസാനവും ഉത്സവ കാലത്തും ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുകയും അല്ലാത്ത സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ ഓടുകയും ചെയ്യും. കോഴിക്കോടുനിന്നും ബെംഗളൂരു വരെ കേരള ആർടിസിയുടെ എസി ബസിൽ 700 രൂപയോളമാണ് ടിക്കറ്റ് നിരക്ക്. സീസൺ അല്ലാത്ത സമയങ്ങളിൽ ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ കർണാടകയുെട സ്ലീപ്പർ ബസുകളിൽ യാത്ര ചെയ്യാം.  പ്രവൃത്തി ദിവസങ്ങളിൽ ടിക്കറ്റ് ചാർജ് കുറവായതിനാൽ ബെംഗളൂരു യാത്രക്കാരിൽ നിരവധിപ്പേർ കർണാടകയുടെ ബസ് ആണ് തിരഞ്ഞെടുക്കാറ്. അതുകൊണ്ട് സീസണിലും അല്ലാത്തപ്പോളും കർണാടകയുടെ ബസുകളിൽ യാത്രക്കാരുണ്ടാകും. 

കേരളം പുതിയതായി ഇറക്കിയ സ്വിഫ്റ്റ് ബസുകളേക്കാൾ മികച്ചതാണ് കർണാടകയുടെ ബസുകൾ. ടിക്കറ്റ് നിരക്കിനേക്കാൾ സൗകര്യപ്രദമായ യാത്രയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ കർണാടക ബസുകൾ തിരഞ്ഞെടുക്കുന്നവരേറെയാണ്. അതിനാലാണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസുകൾ കർണാടക നിരത്തിലിറക്കുന്നത്. കോട്ടയത്തേക്കും കൊച്ചിയിലേക്കുമുള്ള ബസുകൾ പാലക്കാട് വഴിയാണ് കൂടുതലും പോകുന്നത്. മലപ്പുറം ജില്ലക്കാർ കോഴിക്കോട് വഴിയും പാലക്കാട് വഴിയും പോകുന്ന ബസുകളെ ആശ്രയിക്കാറുണ്ട്. 

ദീർഘദൂര നൈറ്റ് സർവീസ് ബസുകളാണ് കെഎസ്ആർടിസിക്ക് കാര്യമായ വരുമാനം നേടിക്കൊടുക്കുന്നത്. അതിൽ തന്നെ ഏറ്റവും ലാഭകരമായി സർവീസ് നടത്താൻ സാധിക്കുന്ന റൂട്ടാണ് കൊച്ചി– കോഴിക്കോട്– ബെംഗളൂരു. നിലവിൽ കോഴിക്കോട് നിന്ന് പ്രതിദിനം 18 കേരള ആർ‍ടിസി ബസുകളാണ് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നത്. ഇതുകൂടാതെ മുപ്പതിലധികം സ്വകാര്യ ബസുകളും ഓടുന്നുണ്ട്. ഇതിന് പുറമെയാണ് കർണാടക സർക്കാരിന്റെ ബസുകളും ട്രെയിനും. എന്നിട്ടും വാരാന്ത്യത്തിൽ ആളുകൾക്ക് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കർണാടക ചെയ്യുന്നതുപോലെ സീസൺ അനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയാൽ കേരള ആർടിസി ബസുകളും കൂടുതൽ ലാഭകരമായി ഓടിക്കാൻ കഴിയുമെന്ന് ബസ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ മാനേജ്മെന്റിനെ അറിയിച്ചതാണ്. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. ഓടിത്തുരുമ്പിച്ച ഡീലക്സ് ബസുകൾ മാറ്റി കുറച്ച് പുതിയ സ്വിഫ്റ്റ് ബസുകൾ ഈ റൂട്ടിൽ സർവീസ് തുടങ്ങിയെന്നത് മാത്രമാണ് കെഎസ്ആർടിസിയുടെ ഭാഗത്തുനിന്നും അടുത്ത കാലത്തുണ്ടായ മികച്ച നീക്കം

English Summary:

New Luxury Travel Options for Kerala Passengers by Karnataka RTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com