ADVERTISEMENT

തിരുവനന്തപുരം / കൊച്ചി∙ സംസ്ഥാനത്ത് തോരാമഴയിൽ ജനം വലഞ്ഞു. തിരുവനന്തപുരത്ത് മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. കനത്ത മഴയിൽ നഗരത്തിലെ ചാല മാർക്കറ്റും ബേക്കറി ജങ്ഷനും അടക്കം വെള്ളത്തിൽ മുങ്ങി. വട്ടിയൂർക്കാവ് മണ്ണാമൂലയിൽ കിള്ളിയാർ കരകവിഞ്ഞ് ഒഴുകുകയാണ്. പട്ടം, കണ്ണമ്മൂല നഗരസഭ വാര്‍ഡുകളിലെ ഗൗരീശപട്ടം-കുഴിവയല്‍ മുറിഞ്ഞ പാലംതോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പാറ്റൂര്‍ ഭഗവതി ക്ഷേത്രത്തിനു പുറകുവശം തോട് കര കവിഞ്ഞു. പട്ടം തോടുംകര കവിഞ്ഞു വീടുകളില്‍ വെള്ളം കയറി. ജില്ലയിലെ മലയോര, തീരദേശ പ്രദേശങ്ങളില്‍ പലയിടത്തും കൃഷിനാശവും വെള്ളക്കെട്ടും രൂപപ്പെട്ടു. 

ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞു. ചാലയിലെ കടകളില്‍ വെള്ളം കയറി. തേക്കുംമൂട്, ഗൗരീശപട്ടം മേഖലകളിലും വെള്ളം കയറി. ആളുകള്‍ വീടുകള്‍ ഒഴിയുന്ന സ്ഥിതിയാണുള്ളത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പഴവങ്ങാടി പവര്‍ ഹൗസ് റോഡില്‍ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഗൗരീശപട്ടം-മുറിഞ്ഞ പാലം കുഴിവയല്‍ റോഡില്‍ തോട് കരകവിഞ്ഞ് റോഡിലേക്ക് കയറി ഒഴുകുകയാണ്. വീടുകളില്‍ വെള്ളം കയറി. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതിനാല്‍ പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച (മേയ് 30) സംസ്ഥാന തലത്തില്‍ നടത്താൻ നിശ്ചയിച്ചിരുന്ന അംഗൻവാടി പ്രവേശനോത്സവം മാറ്റിവച്ചതായി വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു. കുട്ടികൾ അംഗൻവാടിയിൽ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

കൊച്ചിയിൽ കനത്ത മഴയിൽ കളമശ്ശേരി മൂലേപ്പാടം ഭാഗത്ത് പ്രതിസന്ധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ‍ വെള്ളത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. വീടുകളിൽ മുട്ടൊപ്പം വെള്ളം നിറഞ്ഞു. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. രാത്രിയിൽ സ്ഥിതിഗതികൾ രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണിത്. ഇവരെ കളമശ്ശരി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റുകയാണ്.  ഫയർ ഫോഴ്സിന്റെ റബർ ബോട്ടിലാണ് ആളുകളെ ഒഴിപ്പിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസവം മഴ കനത്തതോടെയാണ് ഈ ഭാഗത്ത് വെള്ളം കയറിയത്.  മൂലേപ്പാടം ഭാഗത്ത് പലയിടത്തും കഴുത്തൊപ്പം വെള്ളമുണ്ട്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് വീടുകൾ ഒഴിഞ്ഞു പോകാൻ ആളുകൾ തീരുമാനിച്ചത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇപ്പോൾ ഒഴിപ്പിക്കൽ നടക്കുന്നത്. ഇന്നലെ പെയ്ത മഴയിൽ തന്നെ ഇവിടെ പല വീടുകളിലും വെള്ളം കയറിയതോടെ കുറച്ചു വീട്ടുകാർ ഇന്നലെ തന്നെ ബന്ധു വീടുകളിലേക്കും മറ്റും പോയിരുന്നു. ബാക്കിയുള്ള ആളുകളെയാണ് ഇപ്പോൾ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. രാവിലെ മുതൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിലാണ് മൂലേപ്പാടം ഭാഗം വെള്ളത്തിൽ മുങ്ങിയത്. ഇന്നലെ മേഘവിസ്ഫോടനത്തെ തുടർന്ന് ശക്തമായ മഴ ലഭിച്ച പ്രദേശം കൂടിയാണ് കളമശ്ശേരി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയുടെ മിക്ക മേഖലകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇടപ്പള്ളി, പാലാരിവട്ടം, എംജി റോഡ് ഭാഗങ്ങളിലെല്ലാം റോഡുകൾ തോടുകൾക്ക് സമാനമായി. തൃക്കാക്കക്കര, കാക്കനാട് പ്രദേശത്തും മഴ തുടരുന്നു. മഴയെ തുടർന്ന് തൃക്കാക്കര ക്ഷേത്രത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞതിനെ തുടർന്ന് ക്ഷേത്ര പരിസരത്തേക്കും വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലുള്ളത്. തൃക്കാക്കര മുതൽ ദേശീയപാത വരെയുള്ള മിക്ക പ്രദേശങ്ങളിലും വെള്ളക്കട്ടുകൾ രൂപപ്പെട്ടു. വാഴക്കാല പരിസരത്തെ വീടുകളിലും കടകളിലുമെല്ലാം വെള്ളം കയറി.

കാലവർഷം 24 മണിക്കൂറിനകം

കാലവർഷം 24 മണിക്കൂറിനകം കേരളത്തിൽ എത്തും. കാലാവസ്ഥ വകുപ്പാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. കാലവർഷം എത്തുന്നതിന് സാഹചര്യങ്ങൾ അനുകൂലമായെന്ന്  കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി. രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുമ്പോഴും തെക്കു പടിഞ്ഞാറൻ കാലവർഷം എത്തിയെന്ന പ്രഖ്യാപനം നീളുന്നതെന്തുകൊണ്ടാണെന്നുള്ള ആകാംക്ഷ ഉയർന്നിരുന്നു. പിന്നാലെയാണ് കാലവർഷം മണിക്കൂറുകള്‍ക്കുള്ളിൽ എത്തുമെന്ന അറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയത്. കേരളത്തിലും കർണാടകയിലും ലക്ഷദ്വീപിലുമായി തുടർച്ചയായി 2 ദിവസം 2.5 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ, അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയുടെ തോത്, ഭൂമിയിൽ നിന്ന് ഉയരത്തിലേക്കു പോകുന്ന ചൂടിന്റെ വികരണത്തിന്റെ തോത് കുറഞ്ഞിരിക്കുക എന്നീ ഘടകങ്ങൾ ഒത്തുവരുമ്പോഴാണ് കാലവർഷം എത്തിയെന്ന പ്രഖ്യാപനം വരുന്നത്. ഇത്തവണ മേയ് 31നു കാലവർഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു കാലവർഷത്തിന്റെ വരവ്. കഴിഞ്ഞ 5 വർഷത്തിനിടെ 2022ലാണ് കാലവർഷം മേയിൽ എത്തിയത്. അന്ന് മേയ് 29നാണ് മൺസൂൺ എത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്.

ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്  തീവ്രമഴയ്ക്ക് സാധ്യത. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

English Summary:

Heavy Rain Expected in Kerala - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com