‘ഞങ്ങൾക്കും വേണം രാജ്യസഭാ സീറ്റ്’: യുഡിഎഫിൽ അവകാശവാദവുമായി സിഎംപി, ഫോർവേഡ് ബ്ലോക്ക്
Mail This Article
കോട്ടയം∙ യുഡിഎഫിൽ രാജ്യസഭാ സീറ്റിനായി അവകാശവാദമുന്നയിച്ച് സിഎംപിയും ഫോർവേഡ് ബ്ലോക്കും. ഇത്തവണ ഒഴിവു വരുന്ന ഒരു സീറ്റ് മുസ്‍ലിം ലീഗിന് അർഹതപ്പെട്ടതിനാൽ അവകാശവാദം കടുപ്പിക്കില്ല. എന്നാൽ അടുത്ത ഒഴിവിൽ പരിഗണിക്കണമെന്നാണ് ഇരു കക്ഷികളുടെയും ആവശ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുകക്ഷികളും ചോദിച്ച സീറ്റുകൾ നൽകാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. പകരം ഉപാധിയായി രാജ്യസഭ സീറ്റ് ഇരു പാർട്ടികളുടെയും നേതാക്കന്മാരായ സി.പി.ജോണും ജി.ദേവരാജനും യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സീറ്റുകളിലാണ് ഇരുനേതാക്കളും അവകാശവാദവുമായി രംഗത്തെത്തുന്നത്. നിലവിൽ യുഡിഎഫ് സെക്രട്ടറി കൂടിയാണ് സിഎംപി നേതാവായ സി.പി.ജോൺ.
1989 മുതൽ 2024 വരെ 10 ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നിരുപാധിക പിന്തുണ നൽകിയ പാർട്ടിയാണ് സിഎംപിയെന്ന് സംസ്ഥാന സെക്രട്ടറി സി.പി. ജോൺ മനോരമ ഓൺലൈനോട് പറഞ്ഞു. ‘‘ഇതിനിടെ വന്ന രാജ്യസഭ തിരഞ്ഞെടുപ്പുകളിലും സിഎംപിയ്ക്ക് എംഎൽഎമാർ ഉണ്ടായിരുന്ന സമയത്ത് ഞങ്ങൾ ഒരു ഉപാധിയുമില്ലാതെ വോട്ട് ചെയ്തിട്ടുണ്ട്. ഇത്രയും തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ഇങ്ങനെ പിന്തുണ നൽകിയ പാർട്ടി വേറെയില്ല. മറ്റൊരു മുന്നണിയിൽ നിന്നുവന്ന ആർഎസ്പിയ്ക്ക് ലോക്സഭയിൽ പ്രാതിനിധ്യം നൽകി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും ലോക്സഭയിൽ സീറ്റ് നൽകി.
ലീഗിന് രാജ്യസഭാ സീറ്റിന് അർഹതയുണ്ട്. ലീഗിന്റെ അത്രയും ശക്തിയില്ലാത്ത സിപിഐയ്ക്ക് സിപിഎം നാലു സീറ്റാണ് ലോക്സഭയിൽ മത്സരിക്കാൻ നൽകുന്നത്. എന്നാൽ ഞങ്ങളെയും പരിഗണിക്കണം. മുന്നണി നേതൃത്വത്തിന് നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കത്ത് നൽകിയിരുന്നു. സമയമാകുമ്പോൾ പരിഗണിക്കാമെന്നാണ് പറഞ്ഞത്. ഇത്തവണ കത്ത് നൽകിയിട്ടില്ല. എപ്പോഴും കത്ത് നൽകാൻ ലൗ ലെറ്റർ ഒന്നുമല്ലല്ലോ. സിഎംപിയുടെ അവകാശവാദം അംഗീകരിക്കണം.
ലീഗിന് സീറ്റ് കൊടുക്കുമ്പോൾ സിഎംപി നിലപാട് കടുപ്പിക്കാത്തത് ദൗർബല്യമായി കാണരുത്. രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ മുന്നണി വിടാത്തത്. സംസ്ഥാനത്തെ നൂറിലധികം നിയമസഭാ മണ്ഡലങ്ങളിൽ ആയിരത്തിനും രണ്ടായിരത്തിനും ഇടയിൽ വോട്ടുകളുള്ള പാർട്ടിയാണ് സിഎംപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ അടക്കം ചെറിയ ഭൂരിപക്ഷത്തിനാണ് നമ്മുടെ സ്ഥാനാർഥികൾ ജയിക്കുന്നതെന്ന് ഓർക്കണം’’ –സി.പി. ജോൺ പറഞ്ഞു.
ഇത്തവണ നിലപാട് കടുപ്പിക്കില്ലെങ്കിലും അടുത്ത തവണ പരിഗണിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ജേവരാജൻ മനോരമ ഓൺലൈനോട് പറഞ്ഞു. മുന്നണി നേതൃത്വത്വം നൽകിയ ഉറപ്പ് പാലിക്കണം. കഴിഞ്ഞ എട്ടു വർഷമായി പഞ്ചായത്ത് മുതൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ യുഡിഎഫിനു വേണ്ടി ഒരു ഉപാധിയുമില്ലാതെ പ്രവർത്തിക്കുന്നവരാണെന്നും ദേവരാജൻ വ്യക്തമാക്കി.