എകെജി സെന്റർ ആക്രമണത്തിൽ കുറ്റപത്രമായി; സൂത്രധാരനെ ഇനിയും പിടികൂടാനായില്ല
Mail This Article
തിരുവനന്തപുരം ∙ എകെജി സെന്ററിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ടു വർഷത്തിനുശേഷം കുറ്റപത്രം തയാറായി. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. 2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിൽ സ്കൂട്ടറിൽ എത്തിയ ആൾ പടക്കം എറിഞ്ഞത്. സംഭവം വലിയ വിവാദമായെങ്കിലും 85–ാം ദിവസമാണ് പ്രതിയായ കഴക്കൂട്ടം ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ജിതിനെ ക്രൈംബ്രാഞ്ചിന് അറസ്റ്റ്് ചെയ്യാനായത്.
കെപിസിസി ഓഫിസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം എന്നായിരുന്നു കണ്ടെത്തൽ. പിന്നീട് ജിതിന് സ്കൂട്ടറെത്തിച്ച് നൽകിയ സുഹൃത്ത് ടി. നവ്യയും പിടിയിലായി. എന്നാൽ സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാനെയും ആക്രമണത്തിനെത്തിയ വാഹനത്തിന്റെ ഉടമയായ സുധീഷിനെയും ഇതുവരെയയും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. ഇരുവരും വിദേശത്തേക്ക് കടന്നെന്നാണ് കരുതുന്നത്.