ചൈനയുടെ ദേശീയ സുരക്ഷാ നിയമം; ഹോങ്കോങ്ങിൽ 14 ജനാധിപത്യ നേതാക്കൾ കുറ്റക്കാർ
Mail This Article
ഹോങ്കോങ് ∙ ചൈന നടപ്പാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ ഹോങ്കോങ്ങിൽ നടന്ന പ്രതിഷേധങ്ങളിൽ 14 ജനാധിപത്യവാദി നേതാക്കൾ കുറ്റക്കാരെന്ന് കോടതി. നിയമനിർമാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർഥികളെ കണ്ടെത്താൻ 2020ൽ ‘അനൗദ്യോഗിക’ തിരഞ്ഞെടുപ്പ് നടത്തിയെന്നും ഇതിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
2020ൽ ചൈന കൊണ്ടുവന്ന ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ 47 ജനാധിപത്യ നേതാക്കളെ ഒന്നിച്ച് വിചാരണ ചെയ്ത കേസ് ‘ഹോങ്കോങ് 47’ എന്നാണ് അറിയപ്പെടുന്നത്. വിചാരണയ്ക്കിടെ കുറ്റാരോപിതരിൽ 31 പേർ തങ്ങൾ കുറ്റം ചെയ്തുവെന്ന് സമ്മതിച്ചെങ്കിലും 16 പേർ കേസുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
ഹോങ്കോങ് മുൻ ജനപ്രതിനിധികളായ ലിയുങ് ക്വോക് ഹങ്, ലാം ചെയുക് ടിങ്, ഹെലെന വോങ്, റയ്മണ്ട് ചാൻ എന്നിവരും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ഉൾപ്പെടുന്നു. കുറ്റക്കാർക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കാം. രണ്ടു പേരെ കോടതി വെറുതേവിട്ടു.
അർധസ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ലക്ഷ്യമിട്ട് 2020ലാണ് ചൈന ഹോങ്കോങ് ദേശീയ സുരക്ഷാനിയമം പാസാക്കിയത്. രാജ്യദ്രോഹം, അട്ടിമറി തുടങ്ങിയ നിയമംമൂലം നിയന്ത്രിക്കുന്നതാണ് നിയമം. ഹോങ്കോങ്ങിന്റെ പരമാധികാരം ഇല്ലാതാക്കി ചൈനയുടെ വരുതിയിൽ നിർത്താനാണ് നിയമം കൊണ്ടുവന്നതെന്ന ആരോപണം ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. അതിനിടെയാണ് ജനാധിപത്യ നേതാക്കളെ കുറ്റക്കാരായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി.