സ്ഥിരമായി വൈകി ഐലൻഡും കന്യാകുമാരി–ചെന്നൈ എക്സ്പ്രസും; ‘ക്ലീനിങ്’ വേഗത്തിലാക്കാൻ നടപടിയില്ല
Mail This Article
തിരുവനന്തപുരം∙ റേക്ക് ലാഭിക്കാൻ 2 ട്രെയിൻ കൂട്ടിക്കെട്ടിയതോടെ കന്യാകുമാരി–ബെംഗളൂരു ഐലൻഡ് എക്സ്പ്രസും കന്യാകുമാരി–ചെന്നൈ ട്രെയിനും സ്ഥിരമായി വൈകുന്നതായി പരാതി. ഐലൻഡ് എത്താൻ വൈകുന്നതിനാൽ ചെന്നൈ ട്രെയിൻ പുറപ്പെടാൻ വൈകുന്നതു പതിവായിരിക്കയാണ്. മിക്ക ദിവസവും കന്യാകുമാരി–ചെന്നൈ ട്രെയിൻ റീഷെഡ്യൂൾ ചെയ്യുന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ 2 ദിവസമായി 2 മണിക്കൂറോളം വൈകിയാണു ട്രെയിൻ കന്യാകുമാരി വിട്ടത്. റേക്ക് ലിങ്ക് നടപ്പായതോടെ ഐലൻഡിൽ പഴയ കോച്ചുകളായെന്നും പരാതിയുണ്ട്.
രാത്രി 9.10ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 2.50 നാണ് ഐലൻഡ് കന്യാകുമാരിയിൽ എത്തുന്നത്. ട്രെയിൻ ക്ലീൻ ചെയ്ത് വെള്ളം നിറച്ചു വൈകിട്ട് 5.50ന് കന്യാകുമാരിയിൽ നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.30ന് ചെന്നൈ എഗ്‌മൂറിലെത്തണം. എന്നാൽ മിക്ക ദിവസവും 40 മിനിറ്റ് വൈകിയാണ് ട്രെയിൻ കന്യാകുമാരിയിൽ എത്തുന്നത്. വൈകിയെത്തുന്ന ട്രെയിനിന് 3 മണിക്കൂർ ക്ലീനിങ് സമയം വേണമെന്ന് മെക്കാനിക്കൽ വിഭാഗം വാശി പിടിക്കുന്നതിനാൽ അത് കഴിയാതെ അടുത്ത സർവീസിന് ഉപയോഗിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
രാജ്യത്തെ മറ്റു പല സോണുകളിലും ഒന്നര മണിക്കൂർ കൊണ്ട് ട്രെയിൻ വൃത്തിയാക്കി വിടുമ്പോൾ ദക്ഷിണ റെയിൽവേ 3 മണിക്കൂർ നിബന്ധനയിൽ ഉറച്ചു നിൽക്കുകയാണ്. വന്ദേഭാരത് ട്രെയിനുകൾ 30 മിനിറ്റിൽ തിരിച്ചു വിടുന്ന റെയിൽവേ സോണുകളുള്ളപ്പോൾ തൊഴിലാളികളുടെ എണ്ണം കൂട്ടി ക്ലീനിങ് സമയം കുറയ്ക്കാമെങ്കിലും റെയിൽവേ തയാറാല്ല. കന്യാകുമാരി–പുണെ ജയന്തി രാത്രി 10.20ന് പുണെയിൽ എത്തി രാത്രി 11.50നാണ് മടങ്ങുന്നത്. 90 മിനിറ്റിൽ ക്ലീനിങ് തീർത്തു വിടുന്നുണ്ട്. പൊതുവായ ഒരു സമീപനം ഇക്കാര്യത്തിൽ റെയിൽവേ ബോർഡ് എടുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഏതെങ്കിലും സർവീസിൽ നിന്ന് ഒരു റേക്ക് കുറച്ചാൽ ഒന്നര കോടി രൂപയാണു റെയിൽവേയ്ക്കു ലാഭം. ക്ലീനിങ് സമയം കുറച്ചാൽ കോച്ചുകളുടെ വിനിയോഗ ശേഷി കൂട്ടാനും ടെർമിനലുകളുടെ ശേഷി കൂട്ടാനും കഴിയും. കൂടുതൽ സർവീസുകൾ ആരംഭിക്കാൻ ടെർമിനലുകളിൽ പ്ലാറ്റ്ഫോം ലഭ്യത കൂടും.ട്രെയിനുകളുടെ പ്രൈമറി, സെക്കൻഡറി അറ്റകുറ്റപ്പണി സമയം ഏകീകരിക്കാൻ റെയിൽവേ ബോർഡ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.