‘എന്തു നടപടി സ്വീകരിച്ചു?’: ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസിന് ഹൈക്കോടതി നോട്ടിസ്
Mail This Article
കൊച്ചി∙ വടകരയിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസിന് ഹൈക്കോടതി നോട്ടിസ്. വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത യൂത്ത് ലീഗ് പ്രവർത്തകൻ പി.കെ. മുഹമ്മദ് ഖാസിം നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പൊലീസിനോടു നിർദേശിച്ചു. രണ്ടാഴ്ചയ്ക്കകം അറിയിക്കാനാണ് കോഴിക്കോട് റൂറൽ എസ്പിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
വടകര ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കലാശക്കൊട്ടിന്റെ ദിവസമാണ് വിവാദ കാഫിർ സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. പി.കെ.മുഹമ്മദ് ഖാസിം എന്ന യൂത്ത് ലീഗ് പ്രവർത്തകന്റെ പേരിലായിരുന്നു പോസ്റ്റ്. തന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജമാണെന്നും അതിനു പിന്നിലുള്ളവരെ പിടികൂടണമെന്നും അവശ്യപ്പെട്ട് ഖാസിം അന്നുതന്നെ വടകര പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിക്കുന്നതിനു പകരം ഖാസിമിനെ പ്രതിചേർത്ത് കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ഖാസിമിനെ ചോദ്യം ചെയ്യുകയും ഫോൺ പരിശോധിക്കുകയും ചെയ്തെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല.
യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്‌ലിമായും ഇടതു സ്ഥാനാർഥി കെ.കെ.ഷൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു വിവാദ സ്ക്രീൻ ഷോട്ട്. തന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഖാസിം എസ്പിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. ഇത് വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു.
ഇതിനിടെ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ ഖാസിം തീരുമാനിക്കുകയായിരുന്നു. കാഫിർ പ്രയോഗമുള്ള വാട്സാപ്പ് സന്ദേശത്തിന്‍റെ സ്‌ക്രീൻ ഷോട്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ച മുൻ എംഎൽഎ കെ.കെ.ലതികയുടെ അടക്കം മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.