സുനിത വില്യംസ് ഉൾപ്പെട്ട ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി
Mail This Article
ന്യൂയോർക്ക് ∙ ഇന്ത്യന്‍ വംശജ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാകുമായിരുന്ന, നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. പേടകം ബഹിരാകാശത്തേക്കു കുതിക്കാൻ മൂന്നു മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കെയാണ് വിക്ഷേപണം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് രാത്രി 10 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്.
മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. സുനിത വില്യംസും നാസയുടെ ബുഷ് വില്‍മോറുമായിരുന്നു സ്റ്റാര്‍ലൈനറിലെ ബഹിരാകാശ സഞ്ചാരികള്‍.
നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. നിലവിൽ 322 ദിവസം സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഒരു വനിത നടന്നതിന്റെ റെക്കോർഡ് (50 മണിക്കൂർ 40 മിനിറ്റ്) ഇവരുടെ പേരിലായിരുന്നു. പിന്നീട് പെഗ്ഗി വൈറ്റ്സൺ (60 മണിക്കൂറും 21 മിനിറ്റും) ഈ റെക്കോർഡ് സ്വന്തം പേരിലാക്കി.
യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത വില്യംസ് 1998ലാണു നാസയുടെ ബഹിരാകാശസഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. സുനിതയുടെ ആദ്യ യാത്ര 2006 ഡിസംബർ 9നായിരുന്നു. 2007 ജൂൺ 22നാണ് അവർ തിരിച്ചെത്തിയത്.