ADVERTISEMENT

കൊച്ചി ∙ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തിന് ആഘോഷപൂർവമായ തുടക്കം. ഇന്നു രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കേരളം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനമായി പ്രവ‍‍ർത്തിച്ചതിൽ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു. ശാസ്ത്ര മേഖലയിൽ നമ്മുടെ വിദ്യാഭ്യാസ മേഖല പിന്നാക്കം പോകുന്നുണ്ടെങ്കിൽ‍ അക്കാര്യത്തെക്കുറിച്ച് വിശദമായ ആലോചന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

13,000 സ്കൂളുകളും 45 ലക്ഷം വിദ്യാർഥികളും 2 ലക്ഷത്തോളം അധ്യാപകരും 20,000ത്തോളം അധ്യാപകേതര ജീവനക്കാരുമുള്ളതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖല എന്ന് മുഖ്യമന്തി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം കുട്ടിയുടേയും മാതാപിതാക്കളുടേയും മാത്രമല്ല, അത് ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറിയെന്നതാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രത്യേകത എന്ന് അദ്ദേഹം പറഞ്ഞു. കാലത്തിനൊത്ത് സ്വയം നവീകരിക്കാൻ അധ്യാപകർക്കും ഉത്തരവാത്തമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.  

അധ്യാപകരുടെയും കുട്ടികളുടെയും രണ്ടാഴ്ച നീണ്ട തയാറെടുപ്പുകൾക്കൊടുവിലാണ് ഇന്ന് ആഘോഷപൂർവമായ പ്രവേശനോത്സവം നടന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി എളമക്കര സ്കൂളിൽ തലേന്നു തന്നെ എത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. 850 കുട്ടികളാണ് എളമക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലുള്ളത്.

രാവിലെ 9ന് മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിച്ചു. തുടര്‍ന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചു. ഇതിനു ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. 

മന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി പി.രാജീവ്, മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, എംപിമാരായ ഹൈബി ഈഡന്‍, ജെബി മേത്തര്‍, എം.എല്‍.എമാർ,  പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഉ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com