ആലപ്പുഴയിൽ കനൽ ഒരുതരി അണഞ്ഞു; തുഴയെറിഞ്ഞ് കെ.സി. വേണുഗോപാൽ
Mail This Article
ആലപ്പുഴ∙ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന് ജയം. 62,650 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.സി.വേണുഗോപാലിന് ലഭിച്ചത്.
രണ്ട് തവണ ആലപ്പുഴയിൽ എംപിയായിരുന്നു വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷമാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. മണ്ഡലം പിടിക്കാമെന്ന കണക്കുക്കൂട്ടലിൽ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഒരുഘട്ടത്തിൽ ഭൂരിപക്ഷം 300 വോട്ടുകളോളം ഉയർത്തിയെങ്കിലും പിന്നീടു താഴേക്ക് പോയി.
രാജ്യസഭയിൽ എംപിയായിരിക്കെയാണ് കെ.സി. വേണുഗോപാൽ ലോക്സഭയിൽ മത്സരിച്ചത്. ലോക്സഭയിലേക്കു ജയിച്ചതോടെ അദ്ദേഹത്തിന് രാജ്യസഭയിലെ പദവി ഒഴിയേണ്ടി വരും. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാലിനെ സംബന്ധിച്ചിടത്തോളം ആലപ്പുഴയിലെ മത്സരം അഭിമാനപോരാട്ടമായിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിലാണ് വേണുഗോപാൽ ആലപ്പുഴ പിടിക്കാനിങ്ങിയത്.