സിപിഎമ്മിന്റെ മാനം കാത്ത ‘കനലാ’യി ആലത്തൂർ; കെ.രാധാകൃഷ്ണന് വിജയം, ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പു വരും
Mail This Article
ആലത്തൂർ∙ സമ്പൂർണ തോൽവിയെന്ന നാണക്കേടിൽനിന്ന് കഴിഞ്ഞ തവണ സിപിഎമ്മിനെ രക്ഷപ്പെടുത്തിയത് ആലപ്പുഴയെങ്കിൽ, ഇത്തവണ ആ നിയോഗം ആലത്തൂരിന്. കഴിഞ്ഞ തവണ കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് 'പാട്ടുപാടി' ജയിച്ച ആലത്തൂരിൽ ഇത്തവണ സിപിഎം സ്ഥാനാർഥി കെ.രാധാകൃഷ്ണന് വിജയം. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.രാധാകൃഷ്ണന്റെ വിജയം. ബിജെപി സ്ഥാനാർഥി ഡോ. ടി.എൻ. സരസു മൂന്നാം സ്ഥാനത്തായി.
കേരളത്തിൽ വിജയക്കൊടി നാട്ടിയ ഏക സിപിഎം സ്ഥാനാർഥിയാണ് മന്ത്രി കൂടിയായ കെ.രാധാകൃഷ്ണൻ. 4,03,447 വോട്ടുകളാണ് അദ്ദേഹം നേടിയത്. രമ്യ ഹരിദാസ് 3,83,336 വോട്ടും ഡോ. സരസു 1,88,230 വോട്ടും നേടി. കെ.രാധാകൃഷ്ണന്റെ വിജയത്തോടെ, അദ്ദേഹം പ്രതിനിധീകരിക്കുന്ന ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പും ഉറപ്പായി. വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തരൂര്‍ എന്നിവയാണ് ആലത്തൂര്‍ മണ്ഡലത്തിലുൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങൾ.
2009ലും 2014ലും സിപിഎമ്മിനെ പിന്തുണച്ച ആലത്തൂര്‍ 2019ല്‍ സിപിഎമ്മിനെ കൈവിടുകയായിരുന്നു. ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായിരുന്ന ആലത്തൂര്‍ 2019ൽ യുഡിഎഫിലേക്ക് മറിഞ്ഞു. ഹാട്രിക് തേടിയിറങ്ങിയ എല്‍ഡിഎഫിലെ പി.കെ.ബിജുവിനെതിരെ 1,58,968 വോട്ടുകളുടെ വന്‍ വിജയമാണ് രമ്യ നേടിയത്.