ADVERTISEMENT

ദക്ഷിണേന്ത്യയിൽ ബിജെപിക്കു പശിമയുള്ള മണ്ണായ കർണാടകയിൽ മൂവർണക്കൊടി പാറിച്ച് കോൺഗ്രസിന്റെ തിരിച്ചുവരവ്. കർണാടകയിലെ 28 ലോക്‌സഭാ സീറ്റുകളിൽ 18 എണ്ണത്തിൽ ബിജെപി-ജെഡിഎസ് സഖ്യം ലീഡ് ചെയ്യുമ്പോൾ 10 മണ്ഡലങ്ങളിൽ മുന്നിലെത്തിയാണു കോൺഗ്രസ് നില മെച്ചപ്പെടുത്തിയത്.

ദേശീയ തലത്തിൽത്തന്നെ എൻഡിഎ മുന്നണിക്കു ക്ഷീണമുണ്ടാക്കിയ ലൈംഗിക പീഡനക്കേസിലെ പ്രതിയായ, ഹാസനിലെ ജെഡിഎസ് സ്ഥാനാർഥി പ്രജ്വൽ രേവണ്ണ തോറ്റു. കോൺഗ്രസിലെ ശ്രേയസ് എം.പാട്ടീലാണു പ്രജ്വലിനെ തോൽപിച്ചത്. അതേസമ‌യം, സ്ത്രീകളെ ഉന്നമിട്ടുള്ള ‘മോദി ഗ്യാരന്റി’യാണു സംസ്ഥാനത്തു ബിജെപിക്കു തുണയായത്. ബിജെപി–ജെഡിഎസ് സഖ്യവും കോൺഗ്രസും തമ്മിലായിരുന്നു മത്സരം. ബിജെപി 25 സീറ്റിലും ജെഡിഎസ് 3 സീറ്റിലുമാണു മത്സരിച്ചത്.

തിരഞ്ഞെടുപ്പു ഫലം അറിയാം

കോൺഗ്രസിനു ഭരണമുള്ള 3 സംസ്ഥാനങ്ങളിൽ ഒന്നായ കർണാടകയിൽ കഴിഞ്ഞ തവണത്തെ ശോഭ ബിജെപിക്കു നിലനിർത്താനായില്ല. 25 സീറ്റിൽനിന്ന് ബിജെപി പിന്നാക്കം പോയപ്പോൾ ഒരു സീറ്റിൽനിന്നാണു കോൺഗ്രസ് രണ്ടക്കത്തിലേക്കു മുന്നേറിയത്. ബിജെപി 2004 ൽ 18, 2009 ൽ 19, 2014 ൽ 17, 2019 ൽ 25 സീറ്റ് എന്നിങ്ങനെയാണു വിജയിച്ചത്. ഇതേ വർഷങ്ങളിൽ യഥാക്രമം 8, 6, 9, 1 എന്നിങ്ങനെയാണു കോൺഗ്രസിന്റെ സീറ്റുനേട്ടം. 1999 ൽ 18 സീറ്റ് കോൺഗ്രസ് നേടിയിരുന്നു. അന്നു ബിജെപിക്ക് ഏഴും ജെഡിയുവിനു മൂന്നും സീറ്റാണു കിട്ടിയത്. ദക്ഷിണേന്ത്യയിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ഇവിടെ 23 സീറ്റ് കിട്ടുമെന്നായിരുന്നു എക്‌സിറ്റ് പോളുകളുടെ ശരാശരി ഫലം. എൻഡിഎ മുന്നണിക്ക് അതിനോടടുപ്പിച്ചു സീറ്റ് കിട്ടാൻ സഖ്യം സഹായിച്ചു. 2014 നേക്കാൾ മെച്ചപ്പെട്ടെന്നു കോൺഗ്രസിനും ആശ്വസിക്കാം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം പാദത്തിലേക്കു നീങ്ങുന്ന സമയത്താണു പ്രജ്വലിനെതിരെ ലൈംഗികാതിക്രമക്കേസ് ഉയർന്നത്. ജെഡിഎസ് ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ പേരക്കുട്ടിയായ പ്രജ്വൽ ഇരുനൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ മൂവായിരത്തോളം ക്ലിപ്പുകൾ പ്രചരിച്ചു. കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും ഈ വിഷയം ബിജെപിക്കെതിരെ കോൺഗ്രസും ഇന്ത്യാസഖ്യവും ആയുധമാക്കി. വിഷയത്തിൽ മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെയും വിമർശനമുയർന്നു. ഏറെനാൾ ജർമനിയിൽ ഒളിവിലായിരുന്ന പ്രജ്വൽ കഴിഞ്ഞദിവസം മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റിലുമായി.

രണ്ടു ഘട്ടങ്ങളിലായി 69.9 ശതമാനം പോളിങ്ങാണു കർണാടകയിൽ രേഖപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും മാറിമാറി വന്നാലും ലോക്സഭയിലേക്കു ബിജെപി മതിയെന്ന കന്നഡിഗരുടെ ശീലം മാറിയില്ല. നിയമസഭാ വിജയത്തിന്റെ ആവേശത്തിൽ, 1999നു ശേഷം ഇക്കുറി രണ്ടക്കം കാണാനാകുമെന്ന കോൺഗ്രസിന്റെ പ്രതീക്ഷ തെറ്റിയുമില്ല.

ജെഡിഎസ് സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി മണ്ഡ്യയിലും എം.മല്ലേഷ് ബാബു കോലാറിലും ബിജെപി ടിക്കറ്റിൽ ബെംഗളൂരു റൂറലിൽ മത്സരിച്ച ഡോ. സി.എൻ.മഞ്ജുനാഥും (ദേവെഗൗഡയുടെ മകളുടെ ഭർത്താവ്) ചേരുന്നതോടെ കുടുംബത്തിലെ നാലിൽ മൂന്നു സ്ഥാനാർഥികളും ലോക്സഭയിലെത്തും. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്ര, മുൻ മുഖ്യമന്ത്രിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ ജഗദീഷ് ഷെട്ടാർ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകളുടെ ഭർത്താവ് രാധാകൃഷ്ണ ദൊഡ്ഡമണി തുടങ്ങിയവരും വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ സഹോദരനും സിറ്റിങ് എംപിയുമായ ഡി.കെ.സുരേഷ്, മന്ത്രി മധു ബംഗാരപ്പയുടെ സഹോദരിയും മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ ഭാര്യയുമായ ഗീത തുടങ്ങിയ പ്രമുഖർ തോറ്റു.

Loksabha
Election 2024
National
Kerala

വോട്ടുവഴി നിർണയിച്ചവ
∙ നരേന്ദ്ര മോദിയും ‘മോദിയുട‍െ ഗ്യാരന്റിയും’ ബിജെപിയുടെ തുറുപ്പുചീട്ട്.
∙ വിമതശല്യം രൂക്ഷമായിട്ടും മോദി തരംഗം എൻ‌ഡിഎയെ കാത്തു
∙ കോൺഗ്രസ് വികസനം കൊണ്ടുവന്നില്ലെന്ന പ്രചാരണത്തെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിനായില്ല
∙ ഹിന്ദു മതത്തെ രക്ഷിക്കാൻ ഇന്ത്യൻ ഭരണഘടന മാറ്റണമെന്ന അനന്ത്കുമാർ ഹെഗ്ഡെയുടെ പ്രസ്താവന ബിജെപിക്കെതിരെ പ്രതിപക്ഷം ഉപയോഗിച്ചു. 6 തവണ എംപിയായ അനന്ത്കുമാർ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് പുറത്ത്
∙ വോട്ടർമാർക്ക് 5 ഉറപ്പ് നൽകി സംസ്ഥാനഭരണം നേടിയ കോൺഗ്രസ് തന്ത്രം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏശിയില്ല
∙ പാർട്ടി പ്രസിഡന്റും കർണാടകക്കാരനുമായ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഒപ്പിട്ട ഗ്യാരന്റി കാർഡുമായിട്ടായിരുന്നു കോൺഗ്രസ് പ്രചാരണം. മുഖ്യമന്ത്രി സിദ്ധരാമയ്യ– ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സഖ്യവും കളം നിറഞ്ഞു
∙ പ്രബല സമുദായങ്ങളായ ലിംഗായത്തുകളുടെയും വൊക്കലിഗരുടെയും എതിർപ്പിനിടെ നടത്തിയ ജാതി സെൻസസും ചർച്ചയായി.
 

English Summary:

Loksabha election 2024: Congress Gains Ground in Karnataka Despite BJP-JDS Alliance Lead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com