ആലപ്പുഴയിൽ ശോഭ കൂട്ടി ബിജെപി; വോട്ടുവിഹിതം കുത്തനെ ഉയർന്നു
Mail This Article
കൊച്ചി ∙ ആലപ്പുഴയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും എൻഡിഎ വോട്ടുവിഹിതം കുത്തനെ ഉയർത്തി ശോഭ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ വൈകിട്ട് 4 മണിവരെ പുറത്തുവിട്ട കണക്കനുസരിച്ച് 28.37 ശതമാനം വോട്ടുകളാണ് ശോഭ നേടിയിട്ടുള്ളത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി നേടിയത് 17.24 ശതമാനം വോട്ടാണെങ്കിൽ ഇത്തവണ 11.13 ശതമാനം വോട്ട് അധികമാണ് ശോഭ സുരേന്ദ്രൻ നേടിയിരിക്കുന്നത്. അതായത്, ആലപ്പുഴയിൽ എൻഡിഎയുടെ വോട്ട് കഴിഞ്ഞ തവണത്തേക്കാൾ 1.07 ലക്ഷം വർധിച്ചു.
കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും നിലവിലെ എംപിയായിരുന്ന എ.എം.ആരിഫും നേർക്കുനേർ ഏറ്റുമുട്ടിയ മത്സരത്തിൽ ഒടുവിലായാണ് ശോഭ സുരേന്ദ്രനും സ്ഥാനാർഥിയായി എത്തിയത്. സംസ്ഥാന ബിജെപി നേതൃത്വത്തിന് വലിയ താൽപര്യമില്ലായിരുന്നു എങ്കിലും ശോഭയ്ക്ക് സീറ്റ് ലഭിക്കുകയായിരുന്നു. കഴിഞ്ഞ തവണ ശോഭ മത്സരിച്ച ആറ്റിങ്ങൽ സീറ്റിൽ ഇത്തവണ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് മത്സരിച്ചത്. ആറ്റിങ്ങൽ മത്സരിച്ചപ്പോഴും ശോഭ എൻഡിഎയുടെ വോട്ടുവിഹിതം ഉയർത്തിയിരുന്നു. ആലപ്പുഴയിൽ നിറഞ്ഞ ശോഭയുടെ സാന്നിധ്യവും പ്രസംഗങ്ങളും തന്നെയാണ് അവർക്ക് വോട്ടു നേടിക്കൊടുത്തത്. ഇ.പി.ജയരാജൻ–ദല്ലാൾ നന്ദകുമാർ–പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച ഉൾപ്പെടെ ശോഭ തുറന്നുവിട്ട വിവാദഭൂതങ്ങൾ അത്രയെളുപ്പം അവസാനിച്ചുമില്ലായിരുന്നു.
കെ.സി.വേണുഗോപാൽ 38.2 ശതമാനം വോട്ടുവിഹിതത്തോടെ ഇത്തവണ 3,97,984 വോട്ടുകൾ നേടിയപ്പോൾ എ.എം.ആരിഫിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 32.17 ശതമാനം വോട്ടുവിഹിതവും 3,35,199 വോട്ടുകളുമാണ്. കഴിഞ്ഞ തവണ ആരിഫിന് ലഭിച്ച 40.96 ശതമാനം വോട്ടിൽ നിന്ന് കുത്തനെ ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷത്തിന് 8.79 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചപ്പോള്‍ എൻഡിഎയ്ക്ക് കൂടിയത് 11 ശതമാനത്തിലധികം വോട്ടാണ്. കഴിഞ്ഞ തവണ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ ഷാനിമോൾ ഉസ്മാൻ 40 ശതമാനം വോട്ടു നേടിയിരുന്നെങ്കിൽ ഇത്തവണ ഇത് 38.2 ശതമാനത്തിലേേക്ക് കുറഞ്ഞു എന്നും കാണാം. അതേസമയം, 40,000 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള എ.എം.ആരിഫും ശോഭ സുരേന്ദ്രനും തമ്മിലുള്ളത്.