ADVERTISEMENT

തൃശൂർ∙ അന്നു തൃശൂർ ഞാനിങ്ങ് എടുക്കുവാ എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ ആരും ഇത്രയ്ക്ക് വിശ്വസിച്ചില്ല. രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് തൃശൂരിൽ സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞു. നേമം നിയമസഭാ മണ്ഡലത്തിൽ ഒ.രാജഗോപാൽ വിജയിച്ചതിനുശേഷം ബിജെപിയുടെ ചരിത്രനേട്ടം. ബിജെപിയുടെ പ്രമുഖ നേതാക്കൾക്ക് ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത വിജയം. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുന്നത് ഇതാദ്യം. ഇനിയാണ് പ്രധാനപ്പെട്ട ചോദ്യം; എങ്ങനെയാണ് തൃശൂർ സുരേഷ് ഗോപി എടുത്തത്?

ബിജെപിയുടെ സംഘടനാ സംവിധാനം പിഴവില്ലാതെ പ്രവർത്തിച്ചതും കേന്ദ്രത്തിന്റെ മേൽനോട്ടവുമെല്ലാം വിജയഘടകമായി. കഴിഞ്ഞ തവണത്തെ പരാജയത്തിൽ പതറാത്ത സുരേഷ് ഗോപിയുടെ കഠിനപരിശ്രമത്തിനുള്ള വിജയം കൂടിയാണിത്. വോട്ടിങിന്റെ തുടക്കം മുതൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മൂന്നാം സ്ഥാനത്തായിരുന്നു. ഇടതു സ്ഥാനാർഥി വി.എസ്.സുനിൽ കുമാർ രണ്ടാം സ്ഥാനത്തും.

ഇടതു വോട്ടുകളിൽ കാര്യമായ ചോർച്ചയുണ്ടായില്ലെന്നാണ് പ്രാഥമിക കണക്കുകൾ. കോൺഗ്രസ് വോട്ടുകൾ പൂർണമായി മുരളീധരനു ലഭിച്ചില്ല. മറ്റെല്ലാ എംപിമാർക്കും കോൺഗ്രസ് വീണ്ടും അവസരം നൽകിയപ്പോൾ തൃശൂരിൽ സുരേഷ് ഗോപിയെ നേരിടാൻ വടകരയിൽനിന്ന് മുരളീധരനെ ഇറക്കുകയായിരുന്നു. തൃശൂരിൽ നേതൃനിരയിലുണ്ടായിരുന്ന സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിലേക്കു പോയതോടെയാണ് അപ്രതീക്ഷിതമായി ടി.എൻ.പ്രതാപൻ മാറി മുരളീധരനെത്തിയത്. ഇതിൽ അസംതൃപ്തിയുള്ളവരുടെ നിലപാടും തിരിച്ചടിയായി.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കും. കേന്ദ്ര നേതൃത്വത്തിന് ഏറെ പ്രിയപ്പെട്ടയാളാണ് സുരേഷ് ഗോപി. പ്രധാനമന്ത്രി തുടർച്ചയായി രണ്ടു തവണയാണ് സുരേഷ് ഗോപിക്കായി തൃശൂരിലെത്തിയത്. രാജ്യസഭാ സീറ്റ് ലക്ഷ്യമിടാതെ ലോക്സഭയിലും നിയമസഭയിലും നേട്ടമുണ്ടാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ആവർത്തിച്ച് നിർദേശിച്ചിരുന്നത്. ഫലമുണ്ടാകാതെ വന്നപ്പോൾ സംസ്ഥാന നേതൃത്വം പഴികേൾക്കുകയും ചെയ്തു.

തൃശൂരിലെ ജയത്തെ സ്വാധീനിച്ചത് ഒരളവുവരെ വ്യക്തിപ്രഭാവമാണെങ്കിലും സംസ്ഥാന നേതൃത്വത്തിന് ആശ്വസിക്കാം. വിജയിച്ചതോടെ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചു പണിക്ക് സാധ്യതയില്ല. നേമം ബിജെപിയിൽനിന്ന് പിടിക്കാനിറങ്ങി പരാജയപ്പെട്ട മുരളീധരന് മറ്റൊരു തിരിച്ചടികൂടിയാണ് തൃശൂർ നൽകിയത്.

English Summary:

2024 Loksabha election how Suresh Gopi wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com