രാഹുൽ തരംഗത്തിൽ അടിപതറി ആനി രാജയും കെ.സുരേന്ദ്രനും; ഇത്തവണ വിജയം 3.64 ലക്ഷം വോട്ടിന്
Mail This Article
വയനാട്∙ വയനാട്ടിൽ കടുത്ത മത്സരം നടന്നിട്ടും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടി രാഹുൽ ഗാന്ധി. എൽഡിഎഫിനായി സിപിഐ നേതാവ് ആനി രാജയും ബിജെപിക്കായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കളത്തിലിറങ്ങിയ തിരഞ്ഞെടുപ്പിൽ, 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധിയുടെ വിജയം. ആനി രാജ രണ്ടാമതും കെ.സുരേന്ദ്രൻ മൂന്നാമതുമായി. കേരളത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും രാഹുലിനാണ്.
കഴിഞ്ഞ തവണ ആദ്യമായി വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുൽ ഗാന്ധി 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയിച്ചുകയറിയത്. ഇത്തവണ ഏതാണ്ട് 60,000ലധികം വോട്ടിന്റെ കുറവ്. ഈ തിരഞ്ഞെടുപ്പിൽ രാഹുൽ ആകെ 6,47,445 വോട്ടാണ് നേടിയത്. ആനി രാജ 2,83,023 വോട്ടും കെ.സുരേന്ദ്രൻ 1,41,045 വോട്ടും നേടി.
അതേസമയം, ഉത്തർപ്രദേശിലെ റായ്ബറേലിയിലും മത്സരിച്ച രാഹുൽ മികച്ച വിജയം നേടിയതോടെ, വയനാട്ടിൽ ഉപതിരഞ്ഞെടുപ്പു നടന്നേക്കുമെന്ന സൂചനകളും ശക്തമാണ്. ഇക്കാര്യത്തിൽ തീരുമാനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. രാഹുൽ വയനാട് വിട്ടാൽ പകരം സഹോദരി കൂടിയായ പ്രിയങ്ക ഗാന്ധി എത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.