തിരുവനന്തപുരത്ത് അഞ്ചിടത്ത് ബിജെപി മുന്നില്‍: പന്ന്യന്റെ തോല്‍വിയില്‍ സിപിഎമ്മിന് ചങ്കിടിപ്പ്
Mail This Article
തിരുവനന്തപുരം ∙ ആലത്തൂരൊഴികെ സംസ്ഥാനത്താകെ അടിപതറിയ സിപിഎമ്മിനെ ഏറെ ചിന്തിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും തിരുവനന്തപുരം ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി നടത്തിയ തേരോട്ടമാണ്. സിപിഎമ്മിന് എംഎല്‍എമാരുള്ള കഴക്കൂട്ടം, വട്ടിയൂര്‍കാവ്, നേമം, കാട്ടാക്കട, ആറ്റിങ്ങൽ എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഒന്നാമതെത്തിയിരിക്കുന്നത്. ജില്ലയില്‍ കോവളം ഒഴികെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് എംഎല്‍എമാരാണുള്ളത്.
തദ്ദേശതിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടു വര്‍ഷം മാത്രം അവശേഷിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ തങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ബിജെപി നേടിയ മുന്‍തൂക്കം സിപിഎമ്മിനുള്ള ശക്തമായ താക്കീതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ട്രെന്‍ഡ് ഇതാണെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്താകും സ്ഥിതിയെന്ന ചോദ്യം പാര്‍ട്ടി കേന്ദ്രങ്ങളില്‍ത്തന്നെ ഉയരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന നേതൃയോഗങ്ങളില്‍ മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്നാണു സൂചന. തിരുവനന്തപുരത്ത് ഏറെ പരിചിതനായ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെത്തന്നെ ഇക്കുറി കളത്തിലിറക്കിയിട്ടും വലിയ തോതില്‍ വോട്ട് വര്‍ധിക്കാതിരുന്നതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും സിപിഎം നേതൃത്വം മറുപടി നല്‍കേണ്ടിവരും. പാറശാലയില്‍ മാത്രമാണ് പന്ന്യന്‍ രണ്ടാമതെത്തിയത്. ബാക്കി ആറ് മണ്ഡലങ്ങളിലും മൂന്നാമനായിരുന്നു.
ആറ്റിങ്ങലിലെ സ്ഥാനാര്‍ഥിയും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി.ജോയിക്ക് വര്‍ക്കലയില്‍ മാത്രമാണ് ലീഡ് കിട്ടിയത്. നാലിടത്ത് യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ലീഡ് നേടി.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കഴക്കൂട്ടത്ത് 10842 വോട്ടിന്റെ ലീഡാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനു ലഭിച്ചത്. വട്ടിയൂര്‍കാവില്‍ 8162 വോട്ടിന്റെ ലീഡും നേമത്ത് 22126 വോട്ടിന്റെ ലീഡും ലഭിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ കാട്ടാക്കടയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് 4779 വോട്ടിന്റെ ലീഡും ആറ്റിങ്ങലില്‍ 6287 വോട്ടിന്റെ ലീഡുമാണ് ലഭിച്ചത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെ 23497 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ ഇക്കുറി ഇവിടെ പതിനായിരത്തിലേറെ വോട്ടിന്റെ ലീഡ് രാജീവ് ചന്ദ്രശേഖറിനു ലഭിച്ചു.
2021ല്‍ വട്ടിയൂര്‍കാവില്‍ വി.കെ.പ്രശാന്ത് ബിജെപിയുടെ വി.വി.രാജേഷിനെ പരാജയപ്പെടുത്തിയത് 21,515 വോട്ടിനാണ്. നേമത്ത് വി.ശിവന്‍കുട്ടി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത് 3949 വോട്ടിനാണ്. കാട്ടാക്കടയില്‍ ഐ.ബി.സതീഷ് ജയിച്ചത് 23,231 വോട്ടിന്റെ ഭൂരിപക്ഷവും ആറ്റിങ്ങലില്‍ ഒ.എസ്.അംബിക 31,636 വോട്ടിന്റെ ഭൂരിപക്ഷവും നേടിയിരുന്നു.