ADVERTISEMENT

പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പരസ്യ പ്രതിഷേധവും. സ്ഥാനാർഥി നിർണയം പാളിയെന്ന സൂചന നൽകി പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ഫെയ്സ്ബുക്കിലിട്ട പോസ്റ്റ്‌ വിവാദമായി. സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസ് ‘വീട്ടിൽ സ്വർണ്ണം വച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’ എന്ന കുറിപ്പുൾപ്പെടെ പോസ്റ്റിട്ടത്. തോൽവിക്കു പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ അൻസാരി അസീസ് ഡിലീറ്റ് ചെയ്തു. വ്യാഴം ചേരുന്ന സിപിഎം പത്തനംതിട്ട ഏരിയാ കമ്മിറ്റിയിൽ ഇദ്ദേഹത്തോടു വിശദീകരണം തേടുമെന്നാണു സൂചന.

2021ന‌ു ശേഷം കഴിഞ്ഞ 3 വർഷത്തോളമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സിപിഎം പരിപാടികളിലും പൊതു പരിപാടികളിലും രാജു ഏബ്രഹാം സജീവ സാന്നിധ്യമായിരുന്നു. പൊതു സ്വീകാര്യനായതിനാൽ പാർലമന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇദ്ദേഹത്തെ പരിഗണിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ സ്ഥാനാർഥി നിർണയ ചർച്ച വന്നപ്പോൾ മത്സരിക്കാനുള്ള അവസരം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടി.എം.തോമസ് ഐസകിനു ലഭിച്ചു.

എൽഡിഎഫിനു കിട്ടേണ്ട 80,000 വോട്ടുകൾ യുഡിഎഫിനും എൻഡിഎയ്ക്കും പോയെന്ന് ടി.എം.തോമസ് ഐസക് തന്നെ തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം പറഞ്ഞിരുന്നു. ഇത് സിപിഎം ജില്ലാ നേതൃത്വം ജാഗ്രതയോടെ പ്രവർത്തിച്ചില്ലെന്ന പരോക്ഷ വിമർശനമാണെന്ന വിലയിരുത്തലുണ്ട്. ഏതെല്ലാം മേഖലകളിൽ വോട്ട് കുറഞ്ഞെന്ന കാര്യം പരിശോധിക്കുമെന്നും ഐസക് പറഞ്ഞിരുന്നു.

വോട്ടെടുപ്പിനു ശേഷമുള്ള സിപിഎം വിലയിരുത്തലിൽ കിട്ടേണ്ട വോട്ടിൽ വളരെയേറെ കുറവുണ്ടായി. തോമസ് ഐസകിന് പാർട്ടിക്ക് അതീതമായി 20,000 വോട്ടെങ്കിലും ലഭിക്കുമെന്നും സിപിഎം കണക്കു കൂട്ടിയിരുന്നു. എന്നാൽ അടിയൊഴുക്കുകൾ മനസിലാക്കുന്നതിൽ പ്രാദേശിക നേതൃത്വത്തിനും വീഴ്ചയുണ്ടായെന്ന ധ്വനി തോമസ് ഐസകിന്റെ വാക്കുകളിലുണ്ടായിരുന്നു.

2019ൽ വീണാ ജോർജിനു ലഭിച്ചതിനേക്കാൾ 30,000 വോട്ട് ഇത്തവണ എൽഡിഎഫിനു കുറഞ്ഞു. രാജു ഏബ്രഹാം സ്ഥാനാർഥി ആയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന സംസാരവും പ്രവർത്തകർക്കിടയിലുണ്ട്. കനത്ത തോൽവിയിൽ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

മന്ത്രി വീണാ ജോർജ് പ്രതിനിധീകരിക്കുന്ന ആറന്മുള നിയോജക മണ്ഡലത്തിൽ 8,000 വോട്ട് എൽഡിഎഫ് ലീഡ് പ്രതീക്ഷിച്ച സ്ഥാനത്ത് 14,700 വോട്ട് യുഡിഎഫിനു ലീഡ് ലഭിച്ചു. കോന്നിയിൽ 15,000 വോട്ട്, അടൂരിൽ 8,000 വോട്ട്, റാന്നിയിൽ 4,000 വോട്ട് എന്നിങ്ങനെയാണ് എൽഡിഎഫ് ഭൂരിപക്ഷം പ്രതീക്ഷിച്ചത്. എന്നാൽ കണക്കു കൂട്ടലിനപ്പുറമുള്ള വോട്ടു ചോർച്ചയാണ് എൽഡിഎഫിനുണ്ടായത്. പത്തനംതിട്ടയിൽ 66,119 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി വിജയം നേടിയത്.

English Summary:

Protest in Pathanamthitta CPM after Thomas Isaacs defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com