‘യൂണിഫോമിടാത്ത സമയമുണ്ടല്ലോ, കൈ വെട്ടും’: പാർട്ടിക്കൊടി നീക്കിയതിന് സിപിഎമ്മിന്റെ ഭീഷണി
Mail This Article
പത്തനംതിട്ട ∙ വനഭൂമിയിൽ സ്ഥാപിച്ച സിഐടിയു കൊടിമരം നീക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്ന് സിപിഎം തണ്ണിത്തോട് ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. കൊടിമരം നീക്കിയതിനെതിരെ സിഐടിയു തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി ഉത്തരകുമരംപേരൂർ (ഞള്ളൂർ) ഫോറസ്റ്റ് സ്റ്റേഷനിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിലാണ് ലോക്കൽ സെക്രട്ടറി പ്രവീൺ ആസാദ് ഭീഷണി പ്രസംഗം നടത്തിയത്. ജില്ലാ പൊലീസ് മേധാവിയെ വിവരങ്ങൾ അറിയിച്ചെന്നും ഇന്നു മുതൽ തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചിടുമെന്നും കോന്നി ഡിഎഫ്ഒ ആയുഷ്കുമാർ പറഞ്ഞു. വനപാലകർക്കു നേരെയുണ്ടായ ഭീഷണിയെ തുടർന്ന് അടവി ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഭീഷണി പ്രസംഗത്തിനെതിരെ വനംവകുപ്പ് ഇതുവരെ പരാതി നൽകിയിട്ടില്ല. കൊടിമരം സ്ഥാപിച്ചത് വനഭൂമിയാണെന്ന നിലപാടിൽ വനംവകുപ്പ് ഉറച്ചു നിൽക്കുകയാണ്.
കൊടിമരം നീക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്നും യൂണിഫോമിലല്ലാതെ പുറത്തിറങ്ങുമ്പോൾ കൈകാര്യം ചെയ്യുമെന്നാണ് പ്രസംഗിച്ചത്. യൂണിഫോമിൽ കയറി തല്ലാത്തത് കേരളത്തിൽ ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ടാണ്. സമാധാനപരമായി സംഘടന രൂപീകരിക്കുമെന്നും എതിരെ വന്നാൽ യൂണിഫോം ഇടാത്ത സമയമുണ്ടല്ലോ, അതോർമ വെച്ചൂളു... എന്നിങ്ങനെയാണു ലോക്കൽ സെക്രട്ടറി പ്രസംഗിച്ചത്. നെഞ്ചത്തു കൊടി നാട്ടാൻ അറിയാഞ്ഞിട്ടല്ലെന്നും കാടിനെ സേവിക്കുന്നവർ നാടിനെ സേവിക്കാൻ വരേണ്ടെന്നും പ്രസംഗത്തിൽ പറയുന്നു. സിഐടിയു ജില്ലാ സെക്രട്ടറി എസ്.ഹരിദാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.
തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കുള്ള കവാടത്തിന് സമീപം ഏതാനും ദിവസം മുൻപ് സിഐടിയു നേതൃത്വത്തിൽ കൊടിമരം സ്ഥാപിച്ചിരുന്നു. തുടർന്ന് മറ്റ് യൂണിയനുകളും കൊടിമരം സ്ഥാപിക്കാൻ നീക്കം ആരംഭിച്ചതോടെ വനപാലകരെത്തി കൊടിമരം നീക്കം ചെയ്തു. കേസെടുക്കുകയും ചെയ്തു. അന്ന് രാത്രി തന്നെ അവിടെ സിഐടിയു പുതിയ കൊടിമരം സ്ഥാപിച്ചു. ഇതു നീക്കാൻ വനംവകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്.
∙ ജീവനക്കാർക്കു ഭീഷണിയെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ
കോന്നി ∙ വനപാലകർക്കു നേരെയുണ്ടായ ഭീഷണിയെ തുടർന്ന് അടവി ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഞള്ളൂർ സൗത്ത് കുമരം പേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനഭൂമിയിൽ കൊടിമരം നാട്ടിയതിനെതിരെ കേസെടുത്ത വനപാലകരെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ അവിടെ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും ജീവനക്കാർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ അടവി ഇക്കോടൂറിസം അടച്ചിടണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം.