മോദി 3.0: സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും
Mail This Article
ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥികളാവാൻ സെൻട്രൽ വിസ്‌താ പദ്ധതിയുടെ ഭാഗമായ ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും. വന്ദേഭാരത്, മെട്രോ ട്രെയിനുകളിൽ ജോലിചെയ്യുന്ന റെയിൽവേ ജീവനക്കാരും കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും ‘വിക്ഷിത് ഭാരത് അംബാസിഡർമാരിൽ’ ഉൾപ്പെടും. ഞായറാഴ്ച വൈകുന്നേരം രാഷ്ട്രപതിഭവനിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സത്യപ്രതിജ്ഞാ ചടങ്ങുകളിൽ 8,000ത്തിലധികം അതിഥികൾക്കുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്.
ഈ വർഷത്തെ ചടങ്ങിൽ പങ്കെടുക്കാൻ വിവിധ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കൾക്ക് ക്ഷണമുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗയും ക്ഷണം സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവർക്കും ചടങ്ങിൽ ക്ഷണമുണ്ട്.
2014ലെ ആദ്യ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപറേഷൻ) രാജ്യങ്ങളിലെ നേതാക്കളും 2019ലെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിംസ്റ്റെക്ക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോപ്പറേഷൻ) രാജ്യങ്ങളിലെ നേതാക്കളും പങ്കെടുത്തിരുന്നു.