ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ആശ്വാസം; മേയിലെ ശമ്പളം നല്‍കാന്‍ അനുമതി
Mail This Article
തിരുവനന്തപുരം∙ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് മേയ് മാസത്തെ ശമ്പളം മാറി നല്‍കാന്‍ അനുമതി. സ്ഥലംമാറ്റം ലഭിച്ചിട്ടും കോടതി കേസ് മൂലം പുതിയ സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് പഴയ സ്‌കൂളുകളില്‍നിന്നു മേയിലെ ശമ്പളം മാറി നല്‍കണമെന്ന് കാണിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഏഴായിരത്തിലേറെ അധ്യാപകരുടെ ശമ്പളമാണ് മുടങ്ങിയിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് നീളുന്നതാണ് അധ്യാപകര്‍ക്ക് തിരിച്ചടിയായത്. കേസ് ഹൈക്കോടതി 11ലേക്കു മാറ്റി. 2024 ഫെബ്രുവരി 16 ന് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നു ചുണ്ടിക്കാട്ടി അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഫെബ്രുവരി 21 ന് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ അധ്യാപകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്തിമ വിധി പറയാന്‍ ജൂണ്‍ 3 ലേക്ക് നീട്ടി. ഇതിനിടയില്‍ ട്രൈബ്യൂണലിലും ഹൈക്കോടതിയിലും നടന്ന വാദങ്ങളുടെ അടിസ്ഥാനത്തില്‍ വന്ന ഇടക്കാല നിര്‍ദേശങ്ങള്‍ ഹയര്‍ സെക്കന്‍ഡറി സ്ഥലം മാറ്റം അനിശ്ചിതത്വത്തിലാക്കി.
ജൂണ്‍ 3 ന് പരിഗണിക്കേണ്ട കേസ് ആദ്യം ആറിലേക്കും പിന്നീട് 11 ലേക്കും മാറ്റിയതോടെ അധ്യാപകരുടെ ശമ്പള വിതരണം പ്രതിസന്ധിയിലായി. സ്ഥലംമാറ്റ കാര്യത്തിലെ അന്തിമ തീരുമാനം അനന്തമായി നീളുന്നതിനാല്‍ ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് സോഫ്റ്റുവെയർ സ്ഥലം മാറ്റം ലഭിച്ച സ്‌കൂളിലേക്ക് മാറാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളം പഴയ സ്‌കൂളില്‍ നിന്നുതന്നെയാണ് പ്രത്യേക സര്‍ക്കുലര്‍ പ്രകാരം നല്‍കിയത്.