ADVERTISEMENT

വടകര∙ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നന്ദി പറയാൻ ഷാഫി പറമ്പിൽ ഇന്നലെ നാദാപുരത്ത് എത്തുമെന്നു പറഞ്ഞത് വൈകിട്ട് 5 മണിക്ക്. 5.15ന് മുതൽ നാദാപുരത്തേക്ക് ജനം ഒഴുകിയെത്തിത്തുടങ്ങി. റോഡുകളിലും കെട്ടിടങ്ങളുടെ മുകളിലുമെല്ലാം ജനം തിങ്ങി നിറഞ്ഞു. ഷാഫിയെ കാത്തു നിന്നവരിലേക്ക് ആദ്യമെത്തിയത് മഴയാണ്. കോരിച്ചൊരിയുന്ന മഴയിൽ നനഞ്ഞു കുതിർന്നെങ്കിലും സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനക്കൂട്ടം മടങ്ങിപ്പോയില്ല. ആ കാത്തുനിൽപ് എട്ടര വരെ തുടർന്നു. എട്ടര കഴിഞ്ഞപ്പോഴാണ് ഷാഫി പെരുമഴ നനഞ്ഞ് നാദാപുരത്തേയ്‍ക്കെത്തിയത്. ഇരുപത്തയ്യായിരത്തോളം ആളുകളാണ് ഷാഫിക്ക് വേണ്ടി മൂന്നു മണിക്കൂറോളം പെരുമഴയത്ത് കാത്തു നിന്നത്. റോഡുകളെല്ലാം ബ്ലോക്കായതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഷാഫി നന്ദി പറഞ്ഞ് നാദാപുരത്തുനിന്ന് പോയപ്പോഴേക്കും സമയം ഒൻപതര കഴിഞ്ഞു. അഞ്ചു മണി മുതൽ കാത്തു നിന്ന ആബാലവൃദ്ധ ജനം പിരിഞ്ഞു പോയത് അതിനു ശേഷമാണ്.

ഷാഫി പറമ്പിലിന് നാദാപുരത്ത് നൽകിയ സ്വീകരണം
ഷാഫി പറമ്പിലിന് നാദാപുരത്ത് നൽകിയ സ്വീകരണം

ആളുകൂടിക്കൂടി...

വിജയിച്ച സ്ഥാനാർഥി നന്ദി പറയാൻ എത്തുമ്പോൾ സാധാരണയായി പാർട്ടി പ്രവർത്തകരായിരിക്കും അധികവും ഉണ്ടാകാറ്. പക്ഷേ ഷാഫി എത്തുന്ന സ്ഥലങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുണ്ടായിരുന്നതിനെക്കാൾ ആൾക്കൂട്ടമുണ്ടായിരുന്നു. കുറ്റ്യാടിയിലും പേരാമ്പ്രയിലും തലശ്ശേരിയിലും പതിനായിരത്തിലറെപ്പേരെത്തിയെന്നാണ് കണക്ക്. സാധാരണ പൊതുപരിപാടികൾക്കെത്താത്ത വീട്ടമ്മമാർ പോലും കൈക്കുഞ്ഞുങ്ങളുമായി ഷാഫിയെ കാണാനെത്തുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 35 വർഷത്തോളമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും വടകരയുടെ ചരിത്രത്തിൽ ഇതിന് മുമ്പ് ഇത്തരത്തിലൊരു കാഴ്ച ഉണ്ടായിട്ടില്ലെന്ന് കല്ലാച്ചി സ്വദേശി ജമാൽ പറഞ്ഞു.

നിറഞ്ഞ് ‘ആവേശം’

ആവേശം സിനിമയിലെ പാട്ടുകളും പാരഡിയുമാണ് ഷാഫിയുടെ പര്യടനത്തിൽ നിറ‍ഞ്ഞു നിൽക്കുന്നത്. പടക്കം പൊട്ടിച്ചും വലിയ സ്പീക്കറുകളിൽ പാട്ട് വച്ചും ആഘോഷിക്കുകയാണ്. ‘ചെമ്പട ഇത് ചെമ്പട’ എന്ന് മുദ്രാവാക്യം വിളിച്ച് ചെമ്പ് തലയിൽ ചുമന്നും ഗുഡ്സ് വാഹനത്തിൽ കെട്ടിവച്ചുമുള്ള പ്രകടനം സിപിഎമ്മിനോടുള്ള പ്രതിഷേധമായിക്കൂടി കണക്കാക്കേണ്ടി വരും.

ഷാഫി പറമ്പിലിന് കുറ്റ്യാടിയിൽ നൽകിയ സ്വീകരണം
ഷാഫി പറമ്പിലിന് കുറ്റ്യാടിയിൽ നൽകിയ സ്വീകരണം

‘ഒരു ലക്ഷം ഭൂരിപക്ഷം; അത്രയങ്ങു പോകണോ’

ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തന്നെ ജയിപ്പിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പ്രഖ്യാപിച്ചപ്പോൾ അത്രയങ്ങു പോകണോ എന്നു നേതാക്കളോട് ചോദിച്ചിരുന്നെന്നും അക്കാര്യം ഉറപ്പാണെന്ന മറുപടി പൂർണമായി വിശ്വസിച്ചിരുന്നില്ലെന്നും ഷാഫി നാദാപുരത്ത് പറഞ്ഞു. വോട്ടെണ്ണിക്കഴിഞ്ഞപ്പോഴാണ് വടകരയിലെ ജനങ്ങൾ ഒന്നു തീരുമാനിച്ചാൽ അതു തീരുമാനം തന്നെയാണന്നു തനിക്കു ബോധ്യമായത്. തിരഞ്ഞെടുപ്പ് വേളയിൽ തനിക്കെതിരെ പ്രചരിച്ചതും പ്രചരിപ്പിച്ചതുമായ എല്ലാം വടകരയിലെ ജനം തള്ളിക്കളഞ്ഞു. കാഫിറെന്ന് എതിർ സ്ഥാനാർഥിയെക്കുറിച്ചു പ്രചരിപ്പിച്ചെന്ന പച്ചക്കള്ളം പടച്ചു വിട്ടവർക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഷാഫി പറഞ്ഞു.

പ്രാർഥിക്കാൻ  പുതുപ്പള്ളിയിലേക്ക്

ഫലം പ്രഖ്യാപിച്ച നാലിന് വൈകിട്ട് ഏഴ് മണിയോടെയാണ് വടകരയിൽ ഷാഫി എത്തിയത്. അവിടെ ആയിരക്കണക്കിനാളുകളാണ് ഷാഫിയെ കാത്തു നിന്നത്. വടകരയിൽനിന്ന് ഷാഫി നേരെ പോയത് കോട്ടയത്ത് പുതുപ്പള്ളിയിലേക്കാണ്. പിറ്റേന്ന് പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ചു. വ്യാഴാഴ്ച തിരിച്ചെത്തി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നന്ദി പ്രചാരണ യാത്ര നടത്തുകയായിരുന്നു.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രവാസികളുടെ സഹായം തേടി ഗൾഫ് നാടുകളിൽ പര്യടനം നടത്തിയ ഷാഫി തനിക്ക് വോട്ടും മറ്റു സഹായങ്ങളും നൽകിയ ഗൾഫുകാർക്ക് നന്ദി പറയാനായി യുഎഇയിലേക്കും പോകുന്നുണ്ട്. 22ന് കണ്ണൂരിൽ നിന്നാണ് ഷാഫി ഷാർജയിലേക്ക് പോകുന്നത്.

English Summary:

Shafi Parampil Welcomed by Thousands in Torrential Rain After Election Victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com