ADVERTISEMENT

കോട്ടയം ∙ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയോട് ട്രെയിൻ യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയ ആർപിഎഫ് ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുത്ത് ഭിന്നശേഷി കമ്മിഷൻ. ചെങ്ങന്നൂർ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗിരികുമാറിനെതിരെ സ്വീകരിച്ച നടപടിയെന്താണെന്ന് 7 ദിവസത്തിനകം കമ്മിഷനെ അറിയിക്കാൻ ചെങ്ങന്നൂർ പൊലീസിന് നിർദേശം നൽകി.

5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത്. കേരളത്തിൽ ഭിന്നശേഷിക്കാരായ ജനങ്ങൾക്ക് യാത്രാസൗകര്യം ഉറപ്പുവരുത്തുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരള സർക്കാർ പിന്നിലാണ്. വിവിധ എൻജിഒകളെ ഏകോപിപ്പിച്ച് കൃത്യമായ പദ്ധതികൾ നടപ്പിൽ വരുത്തണമെന്നും ഭിന്നശേഷി കമ്മിഷൻ അധ്യക്ഷൻ പഞ്ചാപകേശൻ ‘മനോരമ ഓൺലൈനിനോട്’ പ്രതികരിച്ചു.

കുറ്റാരോപിതനായ എഎസ്ഐ ഗിരികുമാറിനെ ഫോണിൽ ബന്ധപ്പെട്ട് താക്കീത് നൽകി കേസ് അവസാനിപ്പിക്കാനാണ് എറണാകുളം അഡീഷനൽ പൊലീസ് കമ്മിഷണർ ശ്രമിച്ചതെന്നും ഭിന്നശേഷിക്കാർക്കു സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സൗകര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കുന്നതിനെക്കുറിച്ച് യാതൊരു മറുപടിയും ലഭിച്ചില്ലെന്നും പരാതിക്കാരനായ സുബിൻ വർഗീസ് പറഞ്ഞു.

‘വിവരം അറിഞ്ഞത് വാർത്തകളിലൂടെ’

കഴിഞ്ഞമാസം 20നാണ് ചെങ്ങന്നൂരിൽനിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യാനെത്തിയ സുബിൻ വർഗീസ് എന്ന വിദ്യാർഥിക്ക് ആർപിഎഫ് ഉദ്യോഗസ്ഥനിൽനിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നതെന്നു ഭിന്നശേഷി കമ്മിഷൻ പറഞ്ഞു.  വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞത്. ശേഷം സുബിനെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സുബിൻ ഔദ്യോഗികമായി പരാതി തന്നിട്ടില്ല. അതിനാൽ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

ചെങ്ങന്നൂർ ആർപിഎഫ് അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ ഗിരികുമാറിനെതിരെ സ്വീകരിച്ച നടപടി എന്താണെന്ന് 7 ദിവസത്തിനകം കമ്മിഷനെ അറിയിക്കാൻ ചെങ്ങന്നൂർ പൊലീസ് ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു. കൂടെ ആരും ഇല്ലാതിരുന്നതിനാൽ യാത്ര ചെയ്യാൻ പൊലീസ് സഹായം സുബിൻ ആവശ്യപ്പെടുകയായിരുന്നു. മലയാളിയാണോ തമിഴനാണോ എന്നാണ് ഉദ്യോഗസ്ഥൻ സുബിനോട് ആദ്യം ‌ ചോദിച്ചത്. മലയാളി ആണെന്നറിഞ്ഞതും പ്രകോപിതനായി അസഭ്യം പറഞ്ഞു. സുബിന് നേരേ ഉണ്ടായത് ഉദ്യോഗസ്ഥന്റെ ധാർഷ്ട്യമാണ്.

കാഴ്ചപരിമിതിയുള്ള ഒരാളെ അപമാനിക്കുന്നത് അഞ്ച് വർഷത്തോളം തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. സെക്‌ഷൻ 92 പ്രകാരം സ്പെഷൽ ജഡ്ജിന്റെ പരിഗണനയിൽ വരുന്ന കേസാണിത്. ഇതൊന്നും അറിയാതെയാണ് ഇൻസ്പെക്ടർ പെരുമാറിയത്. ട്രെയിൻ യാത്രകളിൽ ഇത് സ്ഥിരം സംഭവമാണെന്നും ട്രാഫിക് സിഗ്നലുകളിൽ ഉള്ളതുപോലെയൊരു ബസർ സംവിധാനം വേണ്ടതാണെന്നും സുബിൻ പറഞ്ഞു. ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏറെ പിന്നിലാണ്. എന്നാൽ തൊട്ടടുത്തുള്ള തമിഴ്‌നാട്ടിൽ ഇത്തരം സംവിധാനങ്ങൾ വിവിധ എൻജിഒകളുടെ സഹായത്തോടെ ഫലപ്രദമായി നടക്കുന്നുണ്ട്.

എല്ലാം സർക്കാരിന് മാത്രമായി ചെയ്യാൻ സാധിച്ചെന്നു വരില്ല. സർക്കാരിന്റെ കയ്യിൽ തന്നെ കാശില്ലാത്ത അവസ്ഥയാണ്. പക്ഷെ അത്തരം സഹായങ്ങൾ നൽകിവരുന്ന സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുള്ള പദ്ധതികൾ ഉണ്ടാവണം. ബാങ്കിന്റെ സിഎസ്ആർ ഫണ്ടുകൾ ഒക്കെ ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിനു മന്ത്രി തന്നെ താൽപര്യമെടുത്ത് മുന്നോട്ടുവരണം. അവരിൽ ഒരു വിശ്വാസം ഉണ്ടാകണമെന്നും ഭിന്നശേഷി കമ്മിഷൻ അഭിപ്രായപ്പെട്ടു.

English Summary:

A case was registered against RPFofficer for misbehaving with a visually impaired person

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com