‘മുഖ്യമന്ത്രിയുടേത് തിരുത്താൻ ആരും വരേണ്ടെന്ന പ്രഖ്യാപനം; മലയാള നിഘണ്ടുവിലേക്ക് ഒരുപാട് വാക്കുകള്‍ സംഭാവന ചെയ്യുന്നു’
Mail This Article
ന്യൂഡല്‍ഹി∙ യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തരംതാണതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിണറായി വിജയന്‍ കാലം കാത്തുവച്ച നേതാവാണ് എന്നു പറഞ്ഞയാളാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അദ്ദേഹത്തെ തന്നെ അങ്ങനെ വിളിച്ചപ്പോള്‍ സന്തോഷമായെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പുരോഗമനപരമായി അഭിപ്രായം പറയുന്ന ഒരു പുരോഹിതന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍, അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എത്ര തരംതാണതാണ്. ഇതു മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്നതല്ലെന്നും സതീശന്‍ പറഞ്ഞു.
‘‘മഹാഭാരതത്തില്‍ ധൃതരാഷ്ട്രരോടു വിദുരര്‍ പറയുന്നുണ്ട്, അപ്രിയങ്ങളായ സത്യങ്ങള്‍ പറയുന്നതും കേള്‍ക്കുന്നതും വളരെ ദുര്‍ബലമായ ആളുകളായിരിക്കും. പക്ഷേ, പ്രിയങ്ങളായ സത്യങ്ങള്‍ പറയാനും കേള്‍ക്കാനും ഒരുപാടു പേരുണ്ടാകും. മുഖ്യമന്ത്രിക്കു ചുറ്റുമുള്ള ഉപജാപകസംഘം പറയുന്ന ഇരട്ടച്ചങ്കന്‍, കാരണഭൂതന്‍ തുടങ്ങിയ വാക്കുകള്‍ കേട്ട് അദ്ദേഹം കോള്‍മയിര്‍ കൊണ്ടിരിക്കുകയാണ്. തീവ്രവലുതുപക്ഷ വ്യതിയാനത്തിലേക്കാണു സര്‍ക്കാര്‍ പോകുന്നത്. എന്നാല്‍ എന്നെ ആരും തിരുത്താന്‍ വരണ്ട എന്ന പ്രഖ്യാപനമാണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയത്. അദ്ദേഹം മലയാള നിഘണ്ടുവിലേക്ക് ഒരുപാടു വാക്കുകള്‍ സംഭാവന ചെയ്യുകയാണ്. നികൃഷ്ടജീവി, പരനാറി, വിവരദോഷി എന്നിങ്ങനെ.
പാര്‍ട്ടിക്കകത്തും പുറത്തും ഒരു വിമര്‍ശനത്തെയും സഹിക്കാന്‍ തയാറല്ലെന്നുള്ളതാണ് പിണറായിയുടെ രീതി. അദ്ദേഹം അതു തന്നെ തുടരുന്നതാണു പ്രതിപക്ഷത്തിനു നല്ലത്. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് ഉണ്ടായതെന്ന് വോട്ടിങ് പാറ്റേണ്‍ പരിശോധിച്ചാല്‍ മാത്രം മതി. കണ്ണൂരില്‍, കോണ്‍ഗ്രസിനു നാമനിർദേശ പത്രിക കൊടുക്കാന്‍ പറ്റാത്ത സ്ഥലത്തുപോലും വലിയ മുന്നേറ്റമുണ്ടാക്കാനായി. സിപിഎം കേരളത്തില്‍ തകരുകയാണ്. അതു മനസിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം’’ – സതീശൻ പറഞ്ഞു.