‘പുരോഹിതനെ വിവരദോഷിയെന്ന് വിളിച്ചത് ഞെട്ടിക്കുന്നത്; മുഖ്യമന്ത്രിയുടേത് ഇരട്ടനീതി’
Mail This Article
തിരുവനന്തപുരം ∙ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ അധിക്ഷേപിച്ചത് ക്രൈസ്തവ സഭയോടുള്ള അദ്ദേഹത്തിന്റെയും പാർട്ടിയുടെയും ഇരട്ടനീതിയുടെ തെളിവാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സമസ്തയുടെ നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളും സുപ്രഭാതം പത്രവും രൂക്ഷമായ ഭാഷയിൽ സർക്കാരിനെ വിമർശിച്ചിട്ടും പ്രതികരിക്കാതിരുന്ന ക്രൈസ്തവ പുരോഹിതനെ മുഖ്യമന്ത്രി വിവരദോഷിയെന്ന് വിളിച്ചത് ഞെട്ടിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
‘‘പിണറായി വിജയന്റെ നിലപാട് ഫാഷിസ്റ്റ് സമീപനത്തോടൊപ്പം ഇസ്‌ലാമിക പ്രീണനം കൂടിയാണ്. ഹിന്ദു- ക്രിസ്ത്യൻ നേതാക്കളോട് അദ്ദേഹത്തിനും പാർട്ടിക്കും ഒരു നീതിയും മുസ്‍ലിം നേതാക്കളോട് മറ്റൊരു നീതിയുമാണ്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൽ അരിശം പൂണ്ട സിപിഎം നേതാവ് റെജി ലൂക്കോസ് ക്രൈസ്തവരെ അപമാനിക്കുവാനായി യേശു ക്രിസ്തുവിനെ വികലമാക്കിയ ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതും ഇതേ സമീപനത്തിന്റെ ഭാഗമായാണ്.
ഹിന്ദു ദൈവങ്ങളെ പോലെ തന്നെ ക്രൈസ്തവ വിശ്വാസങ്ങളെയും അപമാനിക്കുന്ന രീതി സിപിഎം തുടരുകയാണ്. നേരത്തേ താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ച വ്യക്തിയാണ് പിണറായി വിജയൻ’’– കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.