നീറ്റ്: വീണ്ടും പരീക്ഷ നടത്തില്ല; 6 സെന്ററുകളിലെ കാര്യം പരിശോധിക്കാൻ സമിതി
Mail This Article
ന്യൂഡൽഹി ∙ നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് കൊടുത്തതിൽ വിവാദമുണ്ടായ 6 സെന്ററുകളിലെ കാര്യം പരിശോധിക്കാൻ സമിതിയെ നിയോഗിച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). സമിതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും. യുപിഎസ്‌സി മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗ സമിതിയാണു വിഷയം പരിശോധിക്കുന്നത്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
എല്ലാ വിദ്യാർഥികൾക്കും വീണ്ടും പരീക്ഷ നടത്തില്ല. വളരെ സുതാര്യമായാണ് പരീക്ഷ നടന്നതെന്നും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും എൻടിഎ അധികൃതർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എല്ലാം സുതാര്യമായാണ് നടന്നത്. ആറ് സെന്ററുകളുടെ കാര്യത്തിൽ മാത്രമാണു പ്രശ്നമുണ്ടായത്. ആറ് സെന്ററിലെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണു വിഷയം പരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്.
ചില വിദ്യാർഥികൾക്ക് ഉയർന്ന മാർക്കുകൾ ലഭിച്ചത് വിവാദമായിരുന്നു. വിദ്യാർഥികളിൽ ചിലർക്ക് മുഴുവൻ സമയവും പരീക്ഷ എഴുതാനായില്ലെന്നും ഇവർക്കു ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നുമാണു പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എൻടിഎയുടെ വിശദീകരണം. നോർമലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗ്രേസ് മാർക്ക് അനുവദിച്ചിരിക്കുന്നത്. 67 വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിലും ക്രമക്കേടില്ലെന്നാണ് എൻടിഎയുടെ വിശദീകരണം.
ഈ വർഷം ജൂൺ 14നു പ്രസിദ്ധീകരിക്കാനിരുന്ന പരീക്ഷാഫലം 10 ദിവസം മുൻപ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ പ്രസിദ്ധീകരിച്ചതും കൂടുതൽ പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നിരുന്നു.