ADVERTISEMENT

തിരുവനന്തപുരം ∙ പബ്ലിക് പോളിസിയിൽ ലോകത്തിലെ ഒന്നാമത്തെ പഠന പ്രോഗ്രാമായ യുഎസിലെ ബെർക്കലി എംപിപി (മാസ്റ്റർ ഓഫ് പബ്ലിക് പോളിസി) നേടി മലയാളി ഹരിലാൽ കൃഷ്ണ‌. ബിജെപി സംസ്ഥാന നിർവാഹകസമിതി അംഗം കെ.കെ.സുരേന്ദ്രന്റെയും വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെയും മകനാണ്. ഇന്ത്യയിൽനിന്ന് ആകെ മൂന്നു പേർക്കാണ് ഇത്തവണ എംപിപി പഠനത്തിന് അവസരം ലഭിച്ചത്.

ഡൽഹി ഐഐടിയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ എംടെക് ആറാം റാങ്ക് നേടിയിരുന്നു. കെമിക്കൽ എൻജിനീയറിങ്ങിൽ ഐഐടി ഡൽഹിയിൽനിന്നു ബിടെക്–എംടെക് ഡ്യുവൽ ഡിഗ്രി. തുടർന്നു പഠിക്കാൻ ഹരിലാൽ കൃഷ്ണ തിരഞ്ഞെടുത്ത മേഖല പബ്ലിക് പോളിസിയാണ്. കെമിക്കൽ എൻജിനീയറിങ് പഠിക്കുമ്പോഴും പബ്ലിക് പോളിസിയിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നയരൂപീകരണ പഠനങ്ങളിലുമുള്ള താൽപര്യം കൊണ്ടാണ് ഈ മേഖല  തിരഞ്ഞെടുത്തത്. 

ഐഐടിയിൽ സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നവർ ഓപ്ഷനലായി ഹ്യുമാനിറ്റീസ് വിഷയങ്ങളും പഠിക്കേണ്ടതുണ്ട്. പബ്ലിക് പോളിസിയുമായി ബന്ധപ്പെട്ട ഓപ്ഷനലുകളാണ് ഹരിലാൽ തിരഞ്ഞെടുത്തത്. ഐഐടിയിലെ പഠനശേഷം 2020ൽ പ്ലേസ്‌മെന്റ് നോക്കിയില്ല. പകരം ഐഐടി ഡൽഹിയിലെ സ്‌കൂൾ ഓഫ് പബ്ലിക് പോളിസിയിൽ സീനിയർ പ്രൊജക്ട് സയന്റിസ്റ്റായി. ഇതിനിടെ, ജർമനിയിലെ പ്രമുഖ സർവകലാശാലയായ ആർഡബ്ല്യുടിഎച്ച് ആകെനിലും (RWTH Aachen) ഗവേഷണം നടത്തി. ഇന്ത്യയിലെ ക്ലീൻടെക് സ്റ്റാർട്ടപ്പുകളുടെ സാധ്യതകളായിരുന്നു വിഷയം. മാലിന്യവും പുനരുപയോഗക്ഷമമല്ലാത്ത വസ്തുക്കളും കുറച്ചുമാത്രം ഉൽപാദിപ്പിക്കുന്ന വ്യവസായങ്ങളാണ് ക്ലീൻടെക് ഗണത്തിൽ വരുന്നത്.

പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്‌സ് എടുക്കാൻ തീരുമാനിച്ചപ്പോൾ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നയപഠനങ്ങൾക്കാണു ഹരിലാൽ ഊന്നൽ നൽകിയത്. യുഎസ് സർവകലാശാലകളിൽ അപേക്ഷിക്കാനായി സ്റ്റേറ്റ്‌മെന്റ് ഓഫ് പർപ്പസും റെക്കമെൻഡേഷൻ ലെറ്ററുകളും തയാറാക്കി. ജിആർഇ യോഗ്യതയ്ക്കായി സ്വയം പഠിച്ച് 340ൽ 335 എന്ന മികച്ച സ്‌കോറും നേടി. അപേക്ഷകൾക്കൊടുവിൽ മികച്ച മൂന്നു സർവകലാശാലകളിൽ തന്നെ പ്രവേശനം ലഭിച്ചു.

പബ്ലിക് പോളിസി രംഗത്ത് ലോക റാങ്കിങ്ങിൽ ഏഴാമതുള്ള സർവകലാശാലയാണ് യുസി ബെർക്‌ലി. പബ്ലിക് പോളിസി അനാലിസിസ് എന്ന ഉപവിഭാഗത്തിൽ ഒന്നാം സ്ഥാനത്തുമാണ്. കേരള എൻട്രൻസിൽ 43-ാം റാങ്ക് ലഭിച്ചിരുന്നു. എന്നാൽ ജെഇഇ–അഡ്വാൻസ്ഡിലും മികച്ച റാങ്ക് ലഭിച്ചതിനാൽ ഹരിലാൽ ഐഐടി ഡൽഹിയിൽ ചേരുകയായിരുന്നു.

English Summary:

Shobha Surendrans son Harilal Krishna cracked Berkeley Universitys Master of Public Policy program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com