ADVERTISEMENT

ആലപ്പുഴ∙ യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കുറിലോസിന്റെ അഭിപ്രായത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി സുക്ഷിച്ചു വേണമായിരുന്നുവെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘‘ഒഴിവാക്കാമായിരുന്ന ഭാഷയാണ് ഉപയോഗിച്ചത്. മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള പരാമർശം ശരിയല്ല. പിണറായി വിജയന്റെ ചോരകുടിക്കാൻ ഒരുപാടുപേരുണ്ട്. സാധാരണക്കാരന്റെ ഭാഷയിലാണു പിണറായി മറുപടി പറഞ്ഞത്. പിണറായുടെ ശൈലി അതാണ്. തകഴിയുടെ ഭാഷയിൽ സാഹിത്യം ചേർത്തു പറയാൻ പിണറായിക്ക് അറിയില്ല.

ഭരണവിരുദ്ധ വികാരം മാത്രമല്ല, പിന്നാക്ക വിഭാഗങ്ങൾ എൽഡിഎഫിൽനിന്ന് അകന്നതും ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിക്കു കാരണമാണ്. പിന്നാക്കവിഭാഗങ്ങളോടുള്ള അവഗണനയും വിവേചനവും പരാജയത്തിനു കാരണമായിട്ടുണ്ട്. എൽഡിഎഫിന്റെ അടിത്തറ ഇൗഴവ, പിന്നാക്ക വിഭാഗങ്ങളാണ്. അവരുടെ ചോരയും നീരുമാണ് ഇടതുപക്ഷം. അവരെ മറന്നാണ് എൽഡിഎഫ് മുസ്‌ലിം പ്രീണനം നടത്തുന്നത്. ഫലം വന്നപ്പോൾ കാന്തപുരം പോലും സഹായിച്ചില്ലെന്നു തെളിഞ്ഞു. എവിടെ പരാജയപ്പെട്ടാലും ആലപ്പുഴയിൽ എൽഡിഎഫ് തോൽക്കരുതായിരുന്നു. ആലപ്പുഴയിലെ സ്ഥാനാർഥി നിർണയം പാളി. എ.എം.ആരിഫിനു ജയസാധ്യതയില്ലെന്നു ഞാൻ സ്ഥാനാർഥി നിർണയസമയത്തു സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ആരിഫിനെ നിർത്തരുതായിരുന്നു. പാർട്ടി അണികൾക്കുപോലും ആരിഫ് സ്വീകാര്യനല്ലായിരുന്നു. ആരിഫിന് ഉന്നത സ്വാധീനം കാണും. പക്ഷേ, താഴേത്തട്ടിൽ അതില്ല. സിപിഎം പ്രവർത്തകരിൽ നിരാശബോധമുണ്ടായി. ശോഭ സുരേന്ദ്രൻ കൂടുതൽ വോട്ട് പിടിക്കുമെന്നു ഞാൻ പറഞ്ഞിരുന്നു. വലിയ മുന്നേറ്റമുണ്ടാക്കാൻ അവർക്കു കഴിഞ്ഞു.

പട്ടിക, പിന്നാക്ക വിഭാഗങ്ങൾ എൻഡിഎയെ പിന്തുണച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങളൊന്നും യു‍‍ഡിഎഫും എൽഡിഎഫും പരിഗണിച്ചില്ല. സുരേഷ് ഗോപി ജയിക്കുമെന്നു പ്രതീക്ഷിച്ചില്ല, എന്നാൽ, വലിയ മല്ലന്മാരെ അദ്ദേഹം അടിച്ചു താഴെയിട്ടു. പക്ഷേ, ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷം കിട്ടുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് അതുണ്ടായില്ല. എന്തുകൊണ്ടു പരാജയപ്പെട്ടെന്ന് ഓരോ പാർട്ടിയും ചിന്തിക്കണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പിടിക്കാൻ ബിജെപി ശ്രമിക്കും. തുഷാർ വെള്ളാപ്പള്ളി ഒരിക്കലും കേന്ദ്രമന്ത്രിയാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

English Summary:

Vellappally Natesan Criticizes Chief Minister Pinarayi Vijayan's Remarks on Geevarghese Mar Coorilose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com