ജോർജ് കുര്യൻ രാജ്യസഭയിലെത്തുക രാജസ്ഥാനിൽനിന്ന്?; മറ്റു സംസ്ഥാനങ്ങളും പരിഗണിക്കപ്പെട്ടേക്കാം
Mail This Article
തിരുവനന്തപുരം ∙ സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്ന ജോർജ് കുര്യൻ ഏതു സംസ്ഥാനത്തുനിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടും? കെ.സി.വേണുഗോപാൽ ലോക്സഭയിലേക്ക് വിജയിച്ചതോടെ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് രാജിവയ്ക്കും. ഈ സീറ്റ് വേണമെങ്കിൽ ജോർജ് കുര്യന് ലഭിക്കാം. മറ്റേതെങ്കിലും സംസ്ഥാനത്തുനിന്നും പരിഗണിക്കപ്പെടാം.
ആലപ്പുഴയിൽ മത്സരിക്കാനാണ് രാജ്യസഭാ സീറ്റ് ഒഴിയാൻ കെ.സി.വേണുഗോപാലും പാർട്ടിയും തീരുമാനിച്ചത്. വേണുഗോപാലിന്റെ രാജ്യസഭാ കാലാവധി 2026 ജൂൺ 21 വരെയുണ്ട്. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ വൈകാതെ രാജിവയ്ക്കും. ശേഷിച്ച കാലത്തേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജസ്ഥാനിലെ ഭരണകക്ഷിയായ ബിജെപിക്ക് ഈ സീറ്റ് ലഭിക്കും.
അല്ലെങ്കിൽ ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് ജോർജ് കുര്യൻ രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്.