ജയിച്ചത് സുനിൽകുമാറെങ്കിൽ ഇത്ര വിഷമമില്ലെന്ന് നിറകണ്ണുകളോടെ മുരളീധരൻ പറഞ്ഞില്ലേ: രാഹുൽ മാങ്കൂട്ടത്തിൽ
Mail This Article
കോട്ടയം∙ പാർട്ടി പറഞ്ഞാൽ ഉറപ്പായും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എന്നാൽ ഇത് പാർട്ടി പറഞ്ഞാൽ മത്സരിക്കും എന്ന തലക്കെട്ടിനു വേണ്ടിയുള്ള മറുപടിയല്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഒരിക്കലും ജയിച്ചിട്ടില്ലാത്ത മണ്ഡലത്തിൽ പോയി മത്സരിക്കാൻ പാർട്ടി പറഞ്ഞാലും താനത് സന്തോഷത്തോടെ കേൾക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വെല്ലുവിളികളില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിലെ കെ.മുരളീധരന്റെ തോൽവി വേദനയാണ്. ബിജെപി ജയിക്കുന്ന ഒരു സവിശേഷ സാഹചര്യമാണ് തൃശൂരിലുണ്ടായത്. അതിനെപ്പറ്റി പാർട്ടി പഠിക്കണം. യൂത്ത് കോൺഗ്രസിന്റെ നിർദ്ദേശം പാർട്ടിക്കകത്ത് പറയും. മാണി സാറിന്റെ പേരിലുള്ള പാർട്ടി എൽഡിഎഫിൽ അപമാനിക്കപ്പെടുമ്പോൾ ഒരു യുഡിഎഫ് വിശ്വാസി എന്ന നിലയിൽ തനിക്കു വേദനയുണ്ടെന്നും രാഹുൽ പറഞ്ഞു.
∙ രാഹുലിന്റെ പേര് ഇപ്പോൾ കൂടുതലും കേൾക്കുന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. ഇതേക്കുറിച്ച് എന്താണു പ്രതികരണം?
ആ വിഷയത്തിൽ അഭിപ്രായം പറയുന്നത് പക്വതയല്ല. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചർച്ചയും പാർട്ടിയിൽ ആരംഭിച്ചിട്ടില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. എന്നാൽ നാലാം തീയതിക്കു ശേഷമാണ് സാങ്കേതികമായി ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഉറപ്പായത്. ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് തന്നെ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് അപ്പുറം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു ചർച്ചയും നടക്കുന്നില്ല. ഞാൻ അടിയുറച്ച പാർട്ടി കേഡറാണ്. പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും ഏറ്റെടുക്കും.
∙ പാലക്കാട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാലും, പത്തനംതിട്ടക്കാരനായ രാഹുലിന് അത് പരിചിതമായ സ്ഥലമാണോ?
പാർട്ടി പറഞ്ഞാൽ ഉറപ്പായും മത്സരിക്കും. ഇത് പാർട്ടി പറഞ്ഞാൽ മത്സരിക്കും എന്ന തലക്കെട്ടിനു വേണ്ടിയുള്ള മറുപടിയല്ല. ഒരിക്കലും ജയിച്ചിട്ടില്ലാത്ത മണ്ഡലത്തിൽ പോയി മത്സരിക്കാൻ പാർട്ടി പറഞ്ഞാലും ഞാനത് സന്തോഷത്തോടെ കേൾക്കും. ഞാൻ കെഎസ്‌യു സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന കാലം മുതൽ പാലക്കാടുമായി അടുപ്പമുണ്ട്. അതേ അടുപ്പം കേരളത്തിലെ എല്ലാ ജില്ലകളുമായും എനിക്കുണ്ട്.
∙ ഷാഫി പറമ്പിലിന് താൽപര്യം രാഹുലിനെ പാലക്കാട് മത്സരിപ്പിക്കാനാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഷാഫിയുമായി സംസാരിച്ചിരുന്നോ?
ഞങ്ങൾ തമ്മിലുള്ള വ്യക്തിപരമായ ബന്ധം നിങ്ങൾക്കെല്ലാവർക്കും അറിയാം. അദ്ദേഹം വടകരയിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ തമ്മിൽ ആദ്യം സംസാരിക്കുന്നത് പാലക്കാട് എന്താകുമെന്നാണ്. പല ഘടകങ്ങളും പരിശോധിച്ചപ്പോൾ പാലക്കാട് തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ പാലക്കാട്ട് ആര് സ്ഥാനാർഥിയാകണമെന്ന് ഞങ്ങൾ തമ്മിൽ ഇതുവരെ സംസാരിച്ചിട്ടില്ല. വ്യക്തിയല്ല സ്ഥാനാർഥികളെ തീരുമാനിക്കുന്നത്, പാർട്ടിയാണ്. പാലക്കാട്ടും ചേലക്കരയിലും കാലേക്കൂട്ടിയുള്ള ജോലികൾ യൂത്ത് കോൺഗ്രസ് നടത്തും.
∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നിയും വട്ടിയൂർക്കാവും അടക്കമുള്ള മണ്ഡലങ്ങൾ കൈവിട്ടുപോയത് മുന്നിലുള്ള പാഠമാണ്. സംസ്ഥാനത്ത് ബിജെപി ഇത്രയും ശക്തമായിരിക്കുന്ന സാഹചര്യത്തിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഒരു വെല്ലുവിളിയല്ലേ?
ഒരു തരത്തിലും വെല്ലുവിളിയില്ല. കഴിഞ്ഞ തവണയാണ് പാലക്കാട് ഏറ്റവും ശക്തമായ മത്സരമുണ്ടായത്. ഇ.ശ്രീധരൻ ഒരു വർഗീയതയുമില്ലാതെയാണ് മത്സരിക്കാൻ വന്നത്. പിന്നീട് അദ്ദേഹം പല പ്രസ്താവനകളും നടത്തിയെന്നത് വേറെ കാര്യം. ആ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വിജയിച്ചെങ്കിൽ ഇനി ഏതു തിരഞ്ഞെടുപ്പിലും ജയിക്കാം. കൃത്യമായ സംഘടനപ്രവർത്തനത്തിലൂടെ പാലക്കാട് നിലനിർത്തുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്യുമെന്നതിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്.
∙ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു 18 സീറ്റുകൾ കിട്ടി. എൽഡിഎഫിനും ബിജെപിക്കും ഓരോ സീറ്റും. പക്ഷേ അടിയും കയ്യാങ്കളിയുമെല്ലാം കോൺഗ്രസിലാണ്. എന്തുകൊണ്ടാണ് അങ്ങനെ?
കോൺഗ്രസിലെ കാര്യങ്ങൾ കൂടുതൽ വാർത്തയാവുന്നതു കൊണ്ടാണ് അത്. എൽഡിഎഫിന്റെ ഏറ്റവും മുതിർന്ന നേതാവായ സി.ദിവാകരൻ വളരെ രൂക്ഷമായ ഭാഷയിൽ സർക്കാരിനെതിരെ സംസാരിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വരെ സർക്കാരിനെതിരെ വിമർശനങ്ങളുണ്ടായി. ബിജെപിക്കുള്ളിലുമുണ്ട് പ്രശ്നങ്ങൾ. പക്ഷേ മാധ്യമങ്ങൾക്ക് എക്കാലത്തെയും പോലെ കോൺഗ്രസിലെ പ്രശ്നങ്ങൾ വാർത്തയാക്കുന്നതിലാണ് താൽപര്യം. തൃശൂർ ഞങ്ങൾക്കൊരു വേദനയാണ്. സുനിൽ കുമാറാണ് ജയിച്ചതെങ്കിൽ ഇത്രയും വിഷമമില്ലായിരുന്നുവെന്ന് നിറകണ്ണുകളോടെയാണ് കെ.മുരളീധരൻ പറഞ്ഞത്. ആ വിഷമം ഞങ്ങൾ എല്ലാവർക്കുമുണ്ട്.
∙ മുരളീധരൻ പറഞ്ഞതുപോലെ തൃശൂരിൽ അദ്ദേഹത്തെ കുരുതി കൊടുക്കുകയായിരുന്നോ?
ഒരിക്കലും അങ്ങനെയല്ല. മുരളീധരൻ എന്നു പറഞ്ഞാൽ കേരളത്തിലെ എല്ലാം ജംക്‌ഷനിലും ആൾക്കൂട്ടമുള്ള നേതാവാണ്. ഏത് ഫൈറ്റിനും നമുക്ക് ഉപയോഗിക്കാൻ പറ്റിയ ആളാണ്. പാർട്ടിക്കു വേണ്ടി മത്സരിക്കുന്ന നേതാവാണ് അദ്ദേഹം. റിസ്കെടുക്കാൻ തയാറാകുന്ന അദ്ദേഹം പാർട്ടിയുടെ പോരാളിയാണ്.
∙ അങ്ങനെയെങ്കിൽ തൃശൂരിൽ കെ.മുരളീധരന്റെ തോൽവിയുടെ ഉത്തരവാദി ആരാണ്?
ബിജെപി ജയിക്കുന്ന ഒരു സവിശേഷ സാഹചര്യമാണ് തൃശൂരിലുണ്ടായത്. അതേപ്പറ്റി പാർട്ടി പഠിക്കണം. യൂത്ത് കോൺഗ്രസിന്റെ നിർദ്ദേശം പാർട്ടിക്കകത്ത് പറയും. ഇതിനോടൊപ്പം ബിജെപി ഒന്നാമതും രണ്ടാമതും എത്തിയ മണ്ഡലങ്ങളും പഠനവിധേയമാക്കണം. പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കണം.
∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതുപോലെയൊരു വലിയ വിജയമുണ്ടായി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമൊക്കെ വന്നപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. ഇത്തവണയും അതു സംഭവിക്കുമെന്ന് ഭയമുണ്ടോ?
കഴിഞ്ഞ തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരു ദുരന്തകാലത്താണ് നടന്നത്. സർക്കാരുമായി ജനത്തിന് ആ സമയത്ത് ഒരു ബന്ധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സർക്കാർ തങ്ങളെ രക്ഷിക്കുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ടായിരുന്നു. എന്നാൽ തങ്ങളെ സർക്കാർ കൊള്ളയടിക്കുകയായിരുന്നു എന്ന് തിരഞ്ഞെടുപ്പിനു ശേഷമാണ് ജനങ്ങൾക്കു മനസിലായത്. ആ സമയത്ത് ലോകത്തുതന്നെ അധികം സർക്കാരുകൾ മാറ്റപ്പെട്ടിട്ടില്ല. വിശ്വാസ്യത തകർത്തതിന്റെ പ്രതികാരമാണ് ജനങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീർത്തത്. അത് തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പിലും ആവർത്തിക്കും.
∙ നിയമസഭ പിടിക്കാനുള്ള സംഘടനശേഷി കോൺഗ്രസിനുണ്ടോ?
ആ ശേഷിയുള്ളതു കൊണ്ടല്ലേ 110 മണ്ഡലങ്ങളിൽ ഞങ്ങൾ ലീഡ് ചെയ്തത്. എന്നാൽ ആ ആലസ്യത്തിലും ഉഴപ്പിലും നിൽക്കില്ല.
∙ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരികയാണ്. ഇതിനെല്ലാം യൂത്ത് കോൺഗ്രസ് എത്രമാത്രം സജ്ജമാണ്?
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുക്കം കുറിച്ചുകൊണ്ട് ഈ മാസം 20നുള്ളിൽ അസംബ്ലി പര്യടനങ്ങൾ ആരംഭിക്കും. 50 ദിവസം ഇത് നീണ്ടുനിൽക്കും. ഒരു വാർഡിൽ നിന്നും ഒരു പ്രതിനിധി പങ്കെടുക്കും. സംഘടനകാര്യമായതു കൊണ്ട് കൂടുതൽ പറയാനാകില്ല.
∙ യൂത്ത് കോൺഗ്രസിനെ പോലെ മറ്റൊരു പോഷകസംഘടനയാണല്ലോ കെഎസ്‌യു. കെഎസ്‌യുവിൽ അടുത്തിടെയുണ്ടായ കൂട്ടത്തല്ല് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ അഭിപ്രായമെന്താണ്?
അതിനെപ്പറ്റി അഭിപ്രായം പറയാനും തിരുത്താനുമുള്ള നല്ലൊരു നേതൃത്വം ഞങ്ങൾക്കുണ്ട്. ഫയർബ്രാൻഡായ കുട്ടികൾ കെഎസ്‌യുവിലേക്ക് കടന്നുവരുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് ഒരിക്കലും ജയിക്കാത്ത കോളജുകളിൽ കെഎസ്‌യു യൂണിയൻ പിടിക്കുന്നത്. ആ വിജയത്തിന്റെ കൂടി പുറത്താണ് ക്യാംപിലുണ്ടായ ഒന്നോ രണ്ടോ സംഭവങ്ങൾ പെരുപ്പിച്ചു കാണിക്കുന്നത്. എസ്എഫ്ഐ സിദ്ധാർഥനെ തല്ലിക്കൊന്നപ്പോൾ ജനങ്ങൾക്ക് അത്ഭുതമില്ല. കാരണം അവർ അതൊക്കെ ചെയ്യും. പക്ഷെ കെഎസ്‌യു അങ്ങനെയല്ല. കെഎസ്‌യു ക്യാംപുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളിൽ ഒരുശതമാനം പോലും ശരിയില്ല എന്നാണ് ആ ക്യാംപിൽ ഒരുദിവസം പങ്കെടുത്തയാൾ എന്ന നിലയിൽ എനിക്ക് മനസിലാകുന്നത്. വിദ്യാർഥികൾ ആന്റി പിണറായി ആയി മാറി. നിങ്ങൾ ഇൻസ്റ്റഗ്രാം ശ്രദ്ധിച്ചാൽ മതി. ഒരു രാഷ്ട്രീയവുമില്ലാത്ത പിള്ളേർ പോലും പിണറായിയുടെ തോളിൽ കയറിയിട്ട് പോവുകയാണ്.
∙ യൂത്ത് കോൺഗ്രസിനുള്ളിൽ രാഹുൽ വിരുദ്ധപക്ഷമുണ്ടോ?
ഈ കമ്മിറ്റി വന്നിട്ട് 6 മാസമായല്ലോ. അങ്ങനെയൊന്ന് നിങ്ങൾക്ക് ഇതുവരെ കാണാൻ പറ്റിയിട്ടുണ്ടോ? കാരണം ഇതിനകത്ത് രാഹുൽ എന്നൊരു വ്യക്തിയില്ല. അതുകൊണ്ട് രാഹുൽ വിരുദ്ധ പക്ഷമുണ്ടാകേണ്ട കാര്യമില്ല. എല്ലാ വിഷയങ്ങളിലും കൂട്ടായ ചർച്ചകളാണ് നടക്കുന്നത്. എന്റെ ഉപാധ്യക്ഷന്മാരോടും ജനറൽ സെക്രട്ടറിമാരോടും നല്ല കമ്യൂണിക്കേഷൻ നടത്താറുണ്ട്. 6 മാസത്തിനിടെ 5 സംസ്ഥാന കമ്മിറ്റികൾ ഞാൻ വിളിച്ചിട്ടുണ്ട്. എല്ലാ വിഷയത്തിലും ഓൺലൈൻ കമ്മിറ്റികൾ വിളിക്കുന്നുണ്ട്. ഞാനായിട്ട് ഒന്നും അടിച്ചേൽപ്പിക്കാറില്ല.
∙ ജോസ് കെ.മാണിയെയും പാർട്ടിയേയും തിരികെ യുഡിഎഫിൽ എത്തിക്കുന്നതിൽ യൂത്ത് കോൺഗ്രസിന്റെ നിലപാടെന്താണ്?
ഞാൻ വാർത്തകൾക്കു വേണ്ടി ഒരു വിഷയത്തിലും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. എന്റെയൊരു ലീഡ് ന്യൂസിനു വേണ്ടി നിങ്ങൾക്ക് ആർക്കും ഞാനൊരു സ്ക്രോളോ സ്കൂപോ നൽകിയിട്ടില്ല. ഞാൻ അഭിപ്രായം പറയേണ്ട വിഷയങ്ങളിൽ മാത്രമേ അഭിപ്രായം പറയാറുള്ളൂ. കേരള കോൺഗ്രസ് വിഷയത്തിൽ നിലപാട് പറയേണ്ടത് ഈ മുന്നണിയെ നയിക്കുന്ന നേതാക്കളാണ്. പക്ഷെ യുഡിഎഫ് കെ.എം. മാണി സാറിന്റെ കൂടി രക്തവും വിയർപ്പും ചേർന്നതാണ്. ആ മാണി സാറിന്റെ പേരിലുള്ള പാർട്ടി എൽഡിഎഫിൽ അപമാനിക്കപ്പെടുമ്പോൾ ഒരു യുഡിഎഫ് വിശ്വാസി എന്ന നിലയിൽ എനിക്ക് വേദനയുണ്ട്.
യുഡിഎഫിൽ ഏതു പാർട്ടിക്കും തന്റേടത്തോടെ അഭിപ്രായം പറയാം. വല്യേട്ടൻ മനോഭാവം ഇവിടെ കോൺഗ്രസ് ഒരിക്കലും കാണിക്കാറില്ല. കോൺഗ്രസ് പറയുന്നതിനപ്പുറം അഭിപ്രായം പറഞ്ഞിരുന്ന വ്യക്തിയാണ് മാണി സർ. എന്നാൽ എൽഡിഎഫിൽ അവർ വലിയ തിക്താനുഭവം നേരിടുകയാണ്. ഞാൻ മധ്യതിരുവിതാംകൂറിൽ നിന്നൊരാൾ ആയതുകൊണ്ട് കേരള കോൺഗ്രസുമായി നല്ല ബന്ധമുണ്ട്. പാർട്ടിയുടെ അണികൾക്ക് നല്ല വിഷമമുണ്ട്. ആ വിഷമം ജോസ് കെ.മാണി മനസിലാക്കുമെന്നാണ് കരുതുന്നത്.
∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 54 പുതുമുഖങ്ങൾക്കാണ് കോൺഗ്രസ് അവസരം നൽകിയത്. പക്ഷെ ജയിച്ചത് രണ്ടോ മൂന്നോ പേരാണ്. താഴേത്തട്ടിൽ യുവാക്കൾക്ക് ബന്ധമില്ലെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞാൽ അത് സമ്മതിച്ചു കൊടുക്കുമോ?
എന്നെ സംബന്ധിച്ച് തിരഞ്ഞെടുപ്പിൽ വിജയമാണ് പ്രധാന മാനദണ്ഡം. ഒരു സീറ്റിൽ 27കാരൻ വിജയിക്കുമെങ്കിൽ അത് അവനു തന്നെ കൊടുക്കണം. 98കാരൻ വിജയിക്കുമെങ്കിൽ അയാൾക്ക് കൊടുക്കണം. തിരഞ്ഞെടുപ്പിൽ പ്രായം മാനദണ്ഡമല്ല. ഒരുകാലത്തും യുവാക്കളെ മാറ്റിനിർത്തിയിട്ടുള്ള പ്രസ്ഥാനമല്ല കോൺഗ്രസ്. പ്രായമായവരും ചെറുപ്പക്കാരുമൊക്കെ പരാജയപ്പെടും. പാർട്ടിയെ പ്രതിരോധത്തിലാക്കി വാർത്ത സൃഷ്ടിക്കുന്ന ഒരാളല്ല ഞാൻ. എനിക്ക് പാർട്ടിക്കുള്ളിൽ വലിയൊരു ഇടമുണ്ട്. യൂത്ത് കോൺഗ്രസ് അഭിപ്രായത്തെ ഗൗരവത്തോടെ കാണുന്ന നേതാക്കൾ ഞങ്ങൾക്കുണ്ട്.