ADVERTISEMENT

ഭുവനേശ്വർ∙ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഒഡിഷയില്‍ ബിജു ജനതാദള്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് നവീന്‍ പട്‌നായിക്കിന്റെ അടുത്ത അനുയായി വി.കെ.പാണ്ഡ്യന്‍. സിവില്‍ സര്‍വീസില്‍നിന്നും രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ വി.കെ.പാണ്ഡ്യനെ പിന്‍ഗാമിയാക്കാനുള്ള നവീന്‍ പട്‌നായിക്കിന്റെ തീരുമാനമാണ് ബിജെഡിക്ക് വലിയ തിരിച്ചടി നേരിട്ടതിനു പിന്നിലെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് പാണ്ഡ്യന്റെ പ്രഖ്യാപനം.

‘‘എന്റെ ഗുരുവാണ് നവീന്‍ പട്‌നായിക്ക്. ഇത്രയുംകാലം പ്രവര്‍ത്തിച്ചത് ഒഡിഷയിലെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ്. എന്റെ ഏകലക്ഷ്യം നവീന്‍ പട്‌നായിക്കിനെ സഹായിക്കുക എന്നതു മാത്രമായിരുന്നു. ഏതൊരാളും ആഗ്രഹിക്കുന്നതുപോലെ, എന്റെ ഗുരുവിനെ സഹായിക്കുക എന്നതായിരുന്നു ആഗ്രഹം.

‘‘എന്നാല്‍, മറ്റു ചിലര്‍ എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ അഴിച്ചുവിട്ടു. എനിക്കെതിരെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങളെ ചെറുക്കാന്‍ സാധിച്ചില്ല. ഒരു പ്രത്യേക പദവി ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത്. എനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്ത് മാത്രമാണുള്ളത്. സ്വന്തമായി ഒന്നും സമ്പാദിച്ചിട്ടില്ല. ഞാന്‍ മൂലം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു.’’ – വിഡിയോ സന്ദേശത്തിൽ വി.കെ. പാണ്ഡ്യൻ പറഞ്ഞു. 

147 അംഗ ഒഡീഷ നിയമസഭയില്‍ ബിജെപിക്ക് 78 സീറ്റാണ് ലഭിച്ചത്. ബിജെഡി 51 സീറ്റിലൊതുങ്ങി. കോണ്‍ഗ്രസിനു പതിനാലും സിപിഎമ്മിനു ഒരു സീറ്റും ലഭിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെഡിക്ക് ഒരു സീറ്റും നേടാനായില്ല. 20 സീറ്റ് ബിജെപിയും ഒരു സീറ്റ് കോണ്‍ഗ്രസും നേടി.

തിരഞ്ഞെടുപ്പിനു മുന്നോടിയായി വി.കെ പാണ്ഡ്യനെ ലക്ഷ്യംവച്ചുള്ള പ്രചാരണമാണ് ബിജെപി നടത്തിയത്. പാണ്ഡ്യന്‍ നവീന്‍ പട്‌നായിക്കിനെ വീട്ടുതടങ്കലിലാക്കിയെന്നും ബിജെപി ആരോപിച്ചിരുന്നു. പ്രചാരണം കടുത്തതോടെ, വി.കെ. പാണ്ഡ്യനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നവീന്‍ പട്നായിക്ക് രംഗത്തെത്തിയിരുന്നു.

English Summary:

VK Pandian, Naveen Patnaik's Key Aide, Quits Politics After Odisha Shocker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com