ADVERTISEMENT

കോട്ടയം∙ ജോർജ് കുര്യന്റെ അപ്രതീക്ഷിത മന്ത്രിസ്ഥാനം പോലെ ബിജെപി സംഘടനയിൽ അപ്രതീക്ഷിത നീക്കങ്ങളുണ്ടാകുമോ? ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിജയം വരും തിരഞ്ഞെടുപ്പുകളിൽ പ്രയോജനപ്പെടുത്തി കേരളത്തിൽ സജീവമാകാനാണ് ബിജെപിയുടെ നീക്കം. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളായിരിക്കും ബിജെപിയുടെ ആദ്യത്തെ രാഷ്ട്രീയ ലാബ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് ബിജെപി ലക്ഷ്യമിടുന്നതും. അടുത്തയാഴ്ച ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേരുന്നുണ്ട്.

സംഘടനാ തലത്തിൽ മാറ്റങ്ങൾക്കും സാധ്യതയുണ്ട്. സംസ്ഥാന സെക്രട്ടറി ജോർജ് കുര്യന് പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ. സുരേന്ദ്രൻ തുടരുമെന്ന കണക്കുക്കൂട്ടലിലാണ് പാർട്ടിയിലെ ഔദ്യാഗിക പക്ഷം. ഒരു എംപിയെയും ഇരുപതു ശതമാനത്തിലധികം വോട്ടും നേടിക്കൊടുത്ത കെ.സുരേന്ദ്രൻ അധ്യക്ഷ പദവിയിൽ തുടരാൻ പാർട്ടി നേതൃത്വം സമ്മതം മൂളും എന്നാണു നേതാക്കൾ പറയുന്നത്.

എന്നാൽ ദേശീയ അധ്യക്ഷ പദവിയിൽനിന്ന് ജെ.പി. നഡ്ഡ മാറുന്നതിനു പിന്നാലെ സംസ്ഥാനതലത്തിലും അഴിച്ചുപണി ഉണ്ടായേക്കും. ദേശീയതലത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുന്നോ അതനുസരിച്ചാകും സംസ്ഥാന തലത്തിലും തീരുമാനം. വി. മുരളീധരൻ ബിജെപി ദേശീയ തലത്തിലേക്ക് മാറുമെന്നും സൂചനയുണ്ട്. ആന്ധ്രപ്രദേശിലെ പ്രഭാരിയായിരുന്നു വി. മുരളീധരൻ. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുമെന്നു കഴിഞ്ഞദിവസം വി.മുരളീധരൻ പ്രതികരിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്നു മത്സരിക്കാനും മുരളീധരനു താൽപര്യമുണ്ട്. 2016ൽ കഴക്കൂട്ടത്ത് മത്സരിച്ച മുരളീധരൻ മികച്ച പ്രകടനം നടത്തിയിരുന്നു.

കേരളത്തിൽ നേതൃമാറ്റമുണ്ടായാൽ അധ്യക്ഷ സ്ഥാനത്തേക്കു ശോഭാ സുരേന്ദ്രനെയോ എം.ടി. രമേശിനെയോ പരിഗണിച്ചേക്കും. വി. മുരളീധരൻ അധ്യക്ഷ പദവിയിലേക്കു തിരികെയെത്താനും സാധ്യതയുണ്ട്. ഇവരെ സംസ്ഥാന തലത്തിൽ പരിഗണിക്കാൻ കഴിയാതെ വന്നാൽ ദേശീയ തലത്തിൽ മികച്ച പദവികൾ നൽകും. ബിജെപിയുടെ സി ക്ലാസ് മണ്ഡലമായിരുന്ന ആലപ്പുഴയിൽ മത്സരിച്ച് എ ക്ലാസാക്കി ഉയർത്തിയതു ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വത്തിന്റെ പ്രിയങ്കരിയാക്കിയിട്ടുണ്ട്. നേരത്തെ ആറ്റിങ്ങൽ മണ്ഡലത്തെയും എ ക്ലാസാക്കി ഉയർത്തിയത് ശോഭയായിരുന്നു. കെ. സുരേന്ദ്രൻ അധ്യഷനാകുന്ന സമയത്ത് പി.കെ. കൃഷ്ണദാസ് പക്ഷം മുന്നോട്ടുവച്ച പേരായിരുന്നു എം.ടി. രമേശിന്റേത്.

English Summary:

K. Surendran Poised to Retain BJP's Kerala Presidency Amid Leadership Speculations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com