ADVERTISEMENT

തിരുവനന്തപുരം∙ മദ്യനയത്തിൽ ബാർ ഉടമകൾ ഇടപെടുന്നതായുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിൽ നിയമസഭയിൽ ചൂടേറിയ ചർച്ച. ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേയെന്ന്’ വകുപ്പിലെ പ്രശ്നങ്ങളെ സിനിമാ വാചകവുമായി ബന്ധിപ്പിച്ച് പ്രതിപക്ഷത്തുനിന്ന് റോജി എം.ജോണിന്റെ ചോദ്യം. ടൂറിസത്തെ തകർത്ത് യുഡിഎഫ് സർക്കാരിന്റെ മദ്യനയമാണെന്നും, ടൂറിസവും വ്യവസായവും എസൈസ് വകുപ്പും തമ്മിൽ ബന്ധമുണ്ടെന്നും എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ തിരിച്ചടി. പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. മദ്യനയം മാറ്റാൻ ബാർ ഉടമകൾ പണം പിരിച്ച് നൽകണമെന്ന് ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി അവതരിപ്പിച്ചത്. റോജി എം.ജോൺ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്ലക്കാർഡുകളും ഉയർത്തി. പിന്നീട് പ്രതിപക്ഷം സഭ വിട്ടിറങ്ങി. നിയമസഭാ ഇന്നത്തേയ്ക്കു പിരിഞ്ഞു.

കൊള്ള നടത്തിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അന്വേഷണം നടത്തുന്നതുവരെ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ പുറത്തു വന്നിരിക്കുന്നതു പോലൊരു ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് മുൻപ് കെ.എം.മാണിക്കെതിരെ ബാർ കോഴ ആരോപണം എൽഡിഎഫ് ഉന്നയിച്ചതെന്നു റോജി എം.ജോൺ പറഞ്ഞു. ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദരേഖയുടെ പിന്നിലുള്ള കാര്യങ്ങൾ ഏതാണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ശബ്ദ രേഖ പുറത്തുവന്നത് മാത്രമാണ് അന്വേഷിക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്നത്. കോഴ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നോ, ആരാണ് ആവശ്യപ്പെട്ടതെന്നോ അന്വേഷിക്കാനുള്ള നിർദേശം നൽകിയിട്ടില്ല. പി.എ.മുഹമ്മദ് റിയാസിന്റെ ടൂറിസം വകുപ്പ് എക്സൈസ് വിഭാഗത്തിൽ കൈകടത്തുകയാണ്. എക്സൈസ് വകുപ്പ് ഇവരിൽ ആരുടെ കയ്യിലാണെന്നു ജനങ്ങൾക്ക് സംശയമുണ്ട്. ഇതുവരെ തയാറാകാത്ത മദ്യനയത്തെ സംബന്ധിച്ച്, ‘ജനിക്കാത്ത കുട്ടിയുടെ ജാതകം’ എഴുതിയെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്. കുട്ടി ജനിച്ചിട്ടുമുണ്ട്, ജാതകം എഴുതിയിട്ടുമുണ്ട്. കുട്ടിയുടെ അച്ഛനാരെന്നു മാത്രം അന്വേഷിച്ചാൽ മതി. ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേയെന്നും’ റോജി പരിഹസിച്ചു.

എക്സൈസ് നയങ്ങളിൽ ടൂറിസം വകുപ്പ് എന്തിന് ഇടപെടുന്നുെന്ന റോജി എം.ജോണിന്റെ ചോദ്യത്തിന് മുൻ യുഡിഎഫ് സർക്കാർ പഠനറിപ്പോർട്ട് അവതരിപ്പിച്ചായിരുന്നു എം.ബി. രാജേഷിന്റെ മറുപടി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയം ടൂറിസം മേഖലയെ തകർത്തത് എങ്ങനെയെന്ന് പഠിക്കാനായി ടൂറിസം സെക്രട്ടറിയെ ഉൾപ്പെടുത്തി നടത്തിയ പഠനമാണ് ചർച്ചയ്ക്കു വിധേയമാക്കിയത്. നിങ്ങൾ ചെയ്‌താൽ ആഹാ, ഞങ്ങൾ ചെയ്‌താൽ ഓഹോ എന്നാണല്ലേ എന്നും എം.ബ. രാജേഷ് ചോദിച്ചു. എക്സൈസ് വകുപ്പ് അടുത്ത വർഷത്തെ മദ്യനയത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലാത്ത കാലത്താണ് ബാറുടമയുടെ ശബ്ദ സന്ദേശം പുറത്തുവന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.

മദ്യനയം സംബന്ധിച്ച ചർച്ച നടക്കാനിരിക്കുന്നതേയുള്ളൂ. അതാണ് ജനിക്കാനിരിക്കുന്ന കുട്ടിയെന്ന് താൻ പറഞ്ഞത്. മദ്യനയത്തിൽ ടൂറിസം വകുപ്പ് ഇടപെട്ടെന്നാണ് ആരോപണം. എല്ലാ കാലത്തും ടൂറിസം വകുപ്പുമായി ചർച്ച ചെയ്താണ് മദ്യനയം രൂപീകരിക്കുന്നത്. മദ്യനയം ടൂറിസം മേഖലയെ തകർത്തത് എങ്ങനെയാണെന്ന് പഠിക്കാൻ യുഡിഎഫ് സർക്കാർ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ആ റിപ്പോർട്ട് പ്രതിപക്ഷം വായിച്ച് പഠിക്കണം. എല്ലാ ഞായറാഴ്ചയും യുഡിഎഫ് ഭരണത്തിൽ ഡ്രൈ ഡേ ഏർപ്പെടുത്തി. ഡ്രൈ ഡേ വർഷത്തിൽ 52 ആയി. അതു പിൻവലിക്കുന്നതിന് പുതിയ മദ്യനയം കൊണ്ടുവന്നു. ഇതിനായി എത്ര പണം വാങ്ങി എന്നു താൻ ചോദിക്കുന്നില്ല. പ്രതിപക്ഷ ആരോപണം തിരിച്ചു കുത്തും. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഒക്ടോബർ രണ്ടിനു മാത്രമാണ് ഡ്രൈ ഡേയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

English Summary:

Kerala Assembly Session- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com