ADVERTISEMENT

മുംബൈ∙ ഇത്തവണത്തെ പാർലമെന്റിൽ സീറ്റുറപ്പിച്ചത് സിനിമാ, കായിക രംഗങ്ങളിൽനിന്നുള്ള 11 പേർ. അതിൽ ആറെണ്ണം ബിജെപിക്കും അഞ്ചെണ്ണം തൃണമൂലിനും സ്വന്തം. സുരേഷ് ഗോപി, കങ്കണ റനൗട്ട്, മനോജ് തിവാരി, ഹേമമാലിനി, രവി കിഷൻ, അരുൺ ഗോവിൽ എന്നിവരാണ് എൻഡിഎ മുന്നണിയിൽനിന്നു മത്സരിച്ചു ജയിച്ചത്. ദീപക് അധികാരി, ഹിരൺ ചാറ്റർജി, രചന ബാനർജി, ജൂൺ മാലിയ, സതാബ്ദി റോയ് തുടങ്ങിയ ബംഗാളി താരങ്ങൾ ഇന്ത്യാ മുന്നണിയുടെ ഭാഗമായും പാർലമെന്റിലുണ്ടാകും. 

  • Also Read

2014ൽ ആദ്യ നരേന്ദ്ര മോദി മന്ത്രിസഭാ കാലം മുതൽ പ്രധാനമന്ത്രിയുടെ ആരാധികയെന്ന നിലയിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന താരമാണ് കങ്കണ. പത്തുവർഷങ്ങൾക്കിപ്പുറം ഹിമാചലിൽ സ്വന്തം മണ്ഡലമായ മാണ്ഡിയിൽനിന്നാണ് കങ്കണയ്ക്ക് ആദ്യമായി മത്സരിക്കാൻ അവസരമുണ്ടാകുന്നത്. മുഴുവൻ സീറ്റുകളിലും ബിജെപി വലിയ വിജയം നേടിയ സംസ്ഥാനത്ത് കങ്കണയും നേടി ലക്ഷത്തിനുമുകളിൽ ഭൂരിപക്ഷം.

ഇത്തവണ തിരഞ്ഞെടുപ്പ് മത്സരം കടുത്ത ഉത്തർപ്രദേശിൽ ബിജെപി നേടിയ 33 സീറ്റുകളിൽ മൂന്നെണ്ണം സിനിമാതാരങ്ങളുടേതായിരുന്നു. മഥുരയിൽ ഹേമമാലിനിയും മീററ്റിൽ അരുൺ ഗോവലും ഗൊരഖ്പുരിൽ രവി കിഷനും നേടിയ സീറ്റുകൾ നിർണായകമായി. മൂന്ന് ലക്ഷത്തിനടുത്ത് ഭൂരിപക്ഷമാണ് ഹേമമാലിനി സ്വന്തമാക്കിയത്. ബിജെപിയുടെ മുൻ എംപിയായിരുന്ന രവി കിഷൻ ഗൊരഖ്പുർ സീറ്റ് നിലനിർത്തിയത് 1,03,526 വോട്ടുകളുടെ ഭൂരിപക്ഷത്തിലും.

രാമായണം സീരിയലിൽ രാമനായി വേഷമിട്ട് ജനപ്രിയനായ അരുൺ ഗോവൽ സമാജ്‌വാദി പാർട്ടിയുടെ സുനിത വർമയ്ക്കു മുന്നിൽ കാലിടറിയെങ്കിലും അവസാനനിമിഷം 10,585 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.  ബോളിവുഡിന് പുറമെ ഭോജ്പുരി സിനിമയിൽനിന്നും മലയാളസിനിമയിൽനിന്നും ബിജെപിക്ക് ഇത്തവണ എംപിമാരുണ്ടായി. മുതിർന്ന പാർട്ടി നേതാവും സൂപ്പർസ്റ്റാറുമായ മനോജ് തിവാരി നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സീറ്റ് നിലനിർത്തി. കോൺഗ്രസ് നേതാവ് കനയ്യകുമാറിനെതിരെ ഒരുലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു.

തൃശൂരിൽ സുരേഷ് ഗോപി നേടിയത് അപ്രതീക്ഷിതമായ 74,686 വോട്ടുകളുടെ ഭൂരിപക്ഷമാണ്. എന്നാൽ സ്‌മൃതി ഇറാനി, കൃഷ്ണകുമാർ തുടങ്ങിയ സ്ഥാനാർഥികൾക്കു വിജയം കാണാനായില്ല. സ്വതന്ത്രസ്ഥാനാർഥിയായി വലിയ ഭൂരിപക്ഷം നേടുകയും ശേഷം ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സുമലതയ്ക്ക് സീറ്റ് ലഭിച്ചില്ല.

English Summary:

11 people from the field of cinema and sports secured their seats in Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com