പി.പി.സുനീർ സിപിഐയുടെ രാജ്യസഭാ സ്ഥാനാർഥി; ജോസ് കെ.മാണിയും പാർലമെന്റിലേക്ക്
Mail This Article
തിരുവനന്തപുരം ∙ സിപിഐയുടെ രാജ്യസഭാ സ്ഥാനാർഥിയായി പി.പി.സുനീറിനെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. പൊന്നാനി സ്വദേശിയായ സുനീർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവിൽ ഹൗസിങ് ബോർഡ് വൈസ് ചെയർമാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പാർട്ടിയിൽ കാനം രാജേന്ദ്രന്റെ വിശ്വസ്തനായിരുന്നു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ച സുനീർ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽനിന്നും മത്സരിച്ചു.
ജോസ് കെ.മാണിയാകും കേരള കോൺഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്തണം എന്ന നിര്‍ബന്ധം സിപിഎമ്മിനുണ്ടായിരുന്നു. രണ്ട് രാജ്യസഭാ സീറ്റുകൾ ഒഴിവു വരുന്ന ഘട്ടത്തിൽ എൽഡിഎഫിലെ ഘടകക്ഷികൾക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ നൽകാനും ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി.
സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തു ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. ഡല്‍ഹി കെഎംസിസി അധ്യക്ഷനാണ്. പൗരത്വ നിയമഭേദഗതി അടക്കമുള്ള കേസുകളില്‍ ലീഗിനായി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത് ഹാരിസ് ബീരാനാണ്. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി.കെ. ബീരാന്റെ മകനാണ്.