ജാതീയ അധിക്ഷേപം: സത്യഭാമയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നു ഹൈക്കോടതി
Mail This Article
കൊച്ചി ∙ ജാതീയ അധിക്ഷേപം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ആർ.എൽ.വി.രാമകൃഷ്ണൻ നൽകിയ കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നെടുമങ്ങാട് എസ്‌സി, എസ്ടി പ്രത്യേക കോടതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ ജസ്റ്റിസ് കെ.ബാബു നിർദേശിച്ചു. ജാമ്യാപേക്ഷ നൽകിയാൽ അന്നുതന്നെ തീർപ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. സത്യഭാമയെ കസ്റ്റഡയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിക്കാരി സ്ത്രീയാണെന്നും ഒളിവിൽപ്പോകാൻ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്നുതന്നെ ജാമ്യാപേക്ഷ തീർപ്പാക്കാൻ കോടതി നിർദേശിച്ചത്. കേസിൽ മുൻകൂർ ജാമ്യം തേടി നെടുമങ്ങാട് എസ്‌സി, എസ്ടി പ്രത്യേക കോടതിയെ സത്യഭാമ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
പട്ടിക വിഭാഗക്കാരനായ ആർ.എൽ.വി.രാമകൃഷ്ണനെ പൊതുവിടത്ത് അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ മനഃപൂർവം അധിക്ഷേപിച്ചെന്നത് പ്രഥമദൃഷ്ട്യാ സ്ഥാപിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞെന്നു കോടതി വിലയിരുത്തി. സത്യഭാമ പരാതിക്കാരന്റെ പേര് ഉപയോഗിച്ചില്ല എന്നത് ശരിയാണ്. എന്നാൽ അദ്ദേഹത്തെ വ്യക്തമായി മനസ്സിലാകുന്ന സൂചനകളിലൂടെ അക്കാര്യം പറയുകയും ഇത് മറ്റുള്ളവർക്കു മനസിലാകുമെന്നു സത്യഭാമയ്ക്ക് അറിയുകയും ചെയ്യാമായിരുന്നു എന്നും കോടതി പറഞ്ഞു. പട്ടികവിഭാഗത്തിൽപ്പെട്ടയാളെന്ന നിലയിൽ പരാതിക്കാരനെ അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെയാണു ഹർജിക്കാരി പരാമർശം നടത്തിയെന്ന നിഗമനത്തിലെത്താൻ മതിയായ വസ്തുതകളുണ്ടെന്നു കോടതി പറഞ്ഞു.
അഭിമുഖം നടന്നത് സ്വന്തം വീടിനുള്ളിലാണെന്നും പൊതുവിടത്ത് അധിക്ഷേപിച്ചിട്ടില്ലെന്നുമുള്ള സത്യഭാമയുടെ വാദവും ഹൈക്കോടതി തള്ളി. യൂട്യൂബിൽ വിഡിയോ അപ്‍ലോഡ് ചെയ്തവർക്ക് ജാമ്യം നൽകിയിട്ടും സത്യഭാമയ്ക്ക് ലഭിച്ചില്ലെന്നും അഡ്വ. ബി.എ.ആളൂർ വാദിച്ചു. യുട്യൂബിൽ അഭിമുഖം അപ്‌ലോഡ് ചെയ്തിരുന്നെന്നും ഇന്റർനെറ്റുള്ള കാലത്ത് ഇവ ഏതുസമയത്തും പൊതുജനങ്ങൾക്ക് കാണാണും കേൾക്കാനും കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.