തൃശൂരിൽ മുരളീധരന്റെ തോൽവി, വിവാദം; ഡിസിസി പ്രസിഡന്റും യുഡിഎഫ് ചെയർമാനും രാജിവച്ചു
Mail This Article
തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസന്റും രാജിവച്ചു. ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തോൽവിയെ തുടർന്നുണ്ടായ പൊട്ടിത്തെറികൾ, പോസ്റ്റർ ആരോപണം, ഡിസിസി ഓഫിസിലെ കയ്യാങ്കളി എന്നിവയ്ക്കു പിന്നാലെയാണ് ഡിസിസി പ്രസിഡന്റിന്റെയും യുഡിഎഫ് ചെയർമാന്റെയും രാജി.
പാലക്കാട്ടെ നിയുക്ത എംപി വി.കെ.ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. തമ്മിലടി രൂക്ഷമായതിനെ തുടർന്നാണ് ജില്ലയിലെ നേതാക്കളെ ഒഴിവാക്കി പാലക്കാട്ടെ നേതാവിന് ഡിസിസി ചുമതല നൽകിയത്. തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ, ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്ന് ആരോപണം ഉയർന്നു. മർദനം ചോദ്യം ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫിസിൽ ഉണ്ടായിരുന്നവരും തമ്മിലും കയ്യാങ്കളി നടന്നു. സജീവനെ പിന്നീട് കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം 5 മണിക്കൂറോളം നീണ്ടുനിന്നു.
കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നിൽ പാർട്ടി നേതാക്കളിൽ ചിലരാണെന്ന ആരോപണം, ഫലം വന്ന അന്നു മുതൽ ഉയരുന്നുണ്ട്. ഇതിനെച്ചൊല്ലി ഡിസിസി ഓഫിസിനു മുൻപിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മുരളീധരന്റെ പ്രചാരണത്തിൽ സജീവമായി കൂടെയുണ്ടായിരുന്നയാളാണു സജീവൻ. നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിച്ചത് എന്തിനെന്നു ജോസ് വള്ളൂർ ചോദിച്ചതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സജീവനെ തള്ളിയിട്ടെന്നാണ് ആക്ഷേപം.