അനധികൃതമായി തോക്ക്: ബൈഡന്റെ മകൻ കുറ്റക്കാരൻ, 25 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
Mail This Article
വാഷിങ്ടൻ ∙ തെറ്റായ വിവരങ്ങൾ നൽകി തോക്ക് കൈവശംവച്ച കേസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി. തോക്ക് ലഭിക്കാനായി ലഹരിമരുന്ന് ഉപയോഗിക്കില്ലെന്ന തെറ്റായ പ്രസ്താവന നൽകി, ഇതുമായി ബന്ധപ്പെട്ട വ്യാജരേഖ ഹാജരാക്കി, അനധികൃതമായി തോക്ക് കൈവശം വച്ചു തുടങ്ങിയ മൂന്നു കുറ്റങ്ങളും ഹണ്ടർ ചെയ്തുവെന്ന് തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇതാദ്യമായാണ് നിലവിലെ പ്രസിഡന്റിന്റെ മകൻ ക്രിമിനൽക്കേസിൽ കുറ്റക്കാരനാകുന്നത്.
2018ൽ നിയമവിരുദ്ധമായി റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഹണ്ടറിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. എന്നാൽ ആദ്യമായി തെറ്റ് ചെയ്യുന്നയാളെന്ന നിലയിൽ ശിക്ഷയിൽ ഇളവുണ്ടായേക്കുമെന്നാണ് സൂചന.
ഒരാഴ്ചത്തെ വിചാരണയ്ക്ക് ശേഷമാണ് ഹണ്ടർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ ബൈഡൻ മത്സരിക്കാനിരിക്കെയാണ് മകൻ ക്രിമിനൽക്കേസിൽ കുറ്റക്കാരനാകുന്നത്.