‘നിയമസഭാ സമ്മേളനമാണ്, പുലിവാല് പിടിക്കരുത്’: പൊലീസുകാരോട് കോഴിക്കോട് കമ്മിഷണർ
Mail This Article
കോഴിക്കോട്∙ നിയമസഭാ സമ്മേളനം ചേരുന്നതിനാൽ ആരെയും അനാവശ്യമായി കസ്റ്റഡിയിലെടുക്കരുതെന്നും പൊലീസ് നല്ല നടപ്പിലായിരിക്കണമെന്നും നിർദേശം. ഇന്നലെയാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. ഇതിന്റെ പശ്ചാത്തലത്തിൽ എസ്എച്ച്ഒമാർ ആരെയും അനാവശ്യമായി കസ്റ്റഡിയിൽ എടുക്കരുതെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലേക്ക് സന്ദേശം നൽകിയത്.
പൊതുജനങ്ങൾക്ക് സർക്കാരിനോട് അവമതിപ്പുണ്ടാവുന്ന രീതിയിൽ പെരുമാറരുതെന്നും സന്ദേശത്തിൽ പറയുന്നു. കേസുകൾ കൈകാര്യം ചെയ്യുന്നതിൽ അതീവശ്രദ്ധ വേണമെന്നും സന്ദേശത്തിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം ശക്തമാണ്. ഇതിനിടെയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി പ്രത്യേക നിർദേശം നൽകിയത്.
സമീപകാലത്ത് രണ്ടു പൊലീസുകാർ സസ്പെൻഷനിലായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ മർദനമേറ്റ യുവതി തന്റെ ആരോപണങ്ങൾ തെറ്റാണെന്നും രക്ഷിതാക്കളുടെ നിർബന്ധം മൂലമാണ് മൊഴി നൽകിയതെന്നും വ്യക്തമാക്കി ഇന്നലെ വൈകിട്ട് യൂട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കേസിലെ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് സഹായിച്ചുവെന്നാരോപിച്ചാണ് രണ്ടു പേർ സസ്പെൻഷനിലായത്.