‘26 വോട്ടുള്ള ബൂത്തില്‍ യുഡിഎഫിന് 440 വോട്ട്; സിപിഎമ്മിലെ ജീര്‍ണത പോളിങ്ങിൽ പ്രതിഫലിച്ചു’
Mail This Article
തിരുവനന്തപുരം∙ സിപിഎമ്മിനുണ്ടായ ജീര്‍ണത വോട്ടിങ്ങില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വോട്ടിങ് രീതി പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിയമസഭയില്‍ ധനാഭ്യര്‍ഥനയെ എതിര്‍ത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബൂത്തില്‍ ഇരിക്കാന്‍ പോലും ആളില്ലാത്ത, 26 വോട്ട് മാത്രമുള്ള പയ്യന്നൂരിലെ ഒരു ബൂത്തില്‍ 440 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയതെന്ന് സതീശന്‍ പറഞ്ഞു. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ യുഡിഎഫിനു കിട്ടി. ബിജെപിയിലേക്കും ഒഴുകിയിട്ടുണ്ട്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകളാണ് ഇങ്ങനെ പോകുന്നതെങ്കില്‍ അതേക്കുറിച്ച് പഠിക്കും. കേരളത്തിലെ ജനങ്ങള്‍ മതനിരപേക്ഷർ ആണെന്ന ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷവും മതനിരപേക്ഷർ ആണെന്നാണ് യുഡിഎഫ് വിശ്വാസം.
ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസ് ഇല്ലാതെ ഫാഷിസത്തിനും വര്‍ഗീയതയ്ക്കും എതിരായ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ഉണ്ടാകില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. അത്തരമൊരു പ്ലാറ്റ്‌ഫോം ഉണ്ടാകാന്‍ കേരളത്തില്‍നിന്നു യുഡിഎഫ് വിജയിക്കേണ്ടതുണ്ടെന്ന ധാരണ ജനമനസ്സുകളില്‍ ഉണ്ടാക്കാന്‍ സാധിച്ചു. സിപിഎമ്മും ബിജെപിയും തമ്മില്‍ അവിഹിത ബാന്ധവമുണ്ടെന്നു യുഡിഎഫ് പറഞ്ഞത് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ തെളിയിക്കപ്പെട്ടു. ബിജെപി കേന്ദ്ര മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും ഒരുമിച്ച് ബിസിനസ് നടത്തുകയാണ്. വി.ഡി.സതീശനെ കാണാമെന്ന് പ്രകാശ് ജാവഡേക്കര്‍ കരുതിയില്ലല്ലോ? എന്നിട്ടും അതിനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.– സതീശൻ പറഞ്ഞു.