ADVERTISEMENT

ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ വകുപ്പു വിഭജനം പൂർത്തിയായതിനു പിന്നാലെ, തൃശൂർ എംപിയും നിയുക്ത മന്ത്രിയുമായ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം ടൂറിസം മന്ത്രാലയങ്ങളിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. പിന്നീടാണ് ടൂറിസം മന്ത്രാലയത്തിലെത്തി ചുമതലയേറ്റെടുത്തത്.

യുകെജിയിൽ കയറിയ അനുഭവമാണെന്ന് പെട്രോളിയം സഹമന്ത്രിയായി സ്ഥാനം ഏറ്റെടുത്തശേഷം സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘ശരിക്കും ഞാൻ ഇപ്പോൾ‌ ഒരു യുകെജി വിദ്യാർഥിയാണ്. തീർത്തും പുതിയ സംരംഭമാണു ഏറ്റെടുത്തത്. സീറോയിൽനിന്നാണ് സ്റ്റാർട്ട് ചെയ്യുന്നത്. എല്ലാമൊന്ന് പഠിച്ചോട്ടെ. കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കും’’ – സുരേഷ് ഗോപി പറഞ്ഞു.

പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും. ജനങ്ങളാണ് ഈ അവസരം നൽകിയത്. തൃശൂരിലുടെ കേരളത്തിന്റെ വികസനം യാഥാർഥ്യമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പിന്നാലെ തന്നെ ട്രാൻസ്പോർട്ട് ഭവനിലുള്ള ടൂറിസം വകുപ്പ് കാര്യാലയത്തിലേക്കെത്തി സുരേഷ് ഗോപി ടൂറിസം വകുപ്പ് സഹമന്ത്രിയായും ചുമതലയേറ്റെടുത്തു.

കേരളത്തെ ടൂറിസം ഹബ്ബാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘ഇതുവരെ ആരും കണ്ടെത്താത്ത ടൂറിസം മേഖലകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. അടുത്ത വർഷം തൃശൂർ പൂരം മികച്ച രീതിയിൽ നടത്തും. ഞാൻ നൽകിയ ഉറപ്പാണ്. അടുത്ത ദശാബ്ദത്തിന്റെ ടൂറിസം എന്താണെന്നു പരിചയപ്പെടുത്തും. ഇതിനു മുൻപ് വന്നുപോയവർ വീണ്ടും വരിക. പുതുതായി വരുന്നവർക്ക് ആർത്തിയോടെ വരാൻ അഭികാമ്യതയോടെ വരാൻ കാമത്തോടെ വരാനൊരു സംവിധാനം ടൂറിസത്തിലുണ്ടാക്കിയെടുക്കും. മന്ത്രിസ്ഥാനവും സിനിമയും ഒരുമിച്ച് കൊണ്ടുപോകും. ക്ലീൻ സ്ലേറ്റിലാണു ഞാൻ തുടങ്ങുന്നത്. യഥാർഥ ഇന്ത്യ എന്താണോ അതു മറ്റ് രാജ്യങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണം. മനസിലുള്ള കാര്യങ്ങൾ കാബിനറ്റ് മന്ത്രിയെ അറിയിക്കും. അതിനുശേഷം, വിശദപദ്ധതികൾ തയാറാക്കും’’ – സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഡൽഹിയിലെ മന്ത്രാലയത്തിലെത്തി ചാർജെടുത്തപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ
കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഡൽഹിയിലെ മന്ത്രാലയത്തിലെത്തി ചാർജെടുത്തപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ

കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യനും ചുമതലയേറ്റു. ഫിഷറീസ് മന്ത്രാലയത്തിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.  ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളാണ് ജോർജ് കുര്യനു ലഭിച്ചത്.

English Summary:

Suresh Gopi Takes Charge of Ministry of Petroleum Amid Grand Welcome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com