ADVERTISEMENT

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള വിശദ പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) വേഗത്തിൽ‌ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കേരളം. ഈ മാസം 28ന് ചേരുന്ന പരിസ്ഥിതി മന്ത്രാലയ യോഗത്തിൽ പുതിയ ഡാം എന്ന ആവശ്യം ഉന്നയിക്കാനാണ് കേരളത്തിന്റെ തീരുമാനം. പുതിയ ഡാമിന് അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്രത്തിനു കത്തയച്ചിട്ടുമുണ്ട്. എന്നാൽ മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ ഡാമല്ല പരിഹാരം എന്നുപറയുകയാണ് പള്ളിവാസൽ പദ്ധതിയുടെ പ്രോജക്ട് എൻജിനീയറായിരുന്ന ജേക്കബ് ജോസ്. പകരം, സുപ്രീകോടതി വിധി അനുസരിച്ച് ഇരു സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന് ആ വിധി നടപ്പാക്കാനുള്ള സമയവായ ചർച്ചകളിലേക്കു നീങ്ങണമെന്നും അദ്ദേഹം പറയുന്നു.

∙ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പദ്ധതിയിൽ ഡിപിആർ സമർപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. ഇതുസംബന്ധിച്ചുള്ള എതിർപ്പ് തമിഴ്നാട് മുഖ്യമന്ത്രി പ്രകടിപ്പിക്കുകയും ചെയ്തു. മുല്ലപ്പെരിയാറിനു പകരം പുതിയ ഡാം എന്ന നിർദേശം എത്രത്തോളം പ്രാവർത്തികമാണ്?

പുതിയ ഡാം അസാധ്യമായ ഒന്നാണ്. കേരളത്തിലെ സർക്കാർ പ്രതിനിധികളും എൻജിനീയർമാരും ജനപ്രതിനിധികളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന ദുരുദ്ദേശ്യത്തോടെയുള്ള പ്രപ്പോസലാണത്. നിലവിലുള്ള ഡാമിൽനിന്ന് 366 മീറ്റർ താഴെയാണ് പുതിയ ഡാം നിർദേശിച്ചിരിക്കുന്നത്. അതിൽ പുതിയ ഡാമിന്റെ നീളം 1800 അടിയാണ്. പുതിയ ഡാമിനു പഴയ ഡാമിനേക്കാൾ 50 അടി ഉയരം കൂടുതലുമുണ്ട്, അതായത് 226 അടി ഉയരം വേണം. പുതിയ അണക്കെട്ട് നിർമാണത്തിനു വനംവകുപ്പിന്റെ അനുമതി മുതൽ കേന്ദ്രസർക്കാരിൽനിന്നുള്ള അനുമതി വരെ ലഭിക്കേണ്ടതുണ്ട്. 2024 ലെ എസ്റ്റിമേറ്റ് അനുസരിച്ച് 1300 കോടി രൂപയാണ് അണക്കെട്ട് നിർമാണത്തിനു വേണ്ടി വരിക. കേരളത്തിലെ ജലസേചന വകുപ്പിന്റെയും കെഎസ്ഇബിയുടെയും ട്രാക്ക് റെക്കോ്‍ഡ് നോക്കിയാൽ ഒരു പദ്ധതി പോലും സമയത്തോ ബജറ്റിനുള്ളിലോ അവർ പൂർത്തീകരിച്ചിട്ടില്ല.

ഇടമലയാർ, കാരാപ്പുഴ ജലസേചന പദ്ധതികൾ 50 കൊല്ലമായിട്ടും തീർന്നിട്ടില്ല. അതിന്റെ എസ്റ്റിമേറ്റ് തുക നൂറുമടങ്ങായി. അതുകൊണ്ട്, മുല്ലപ്പെരിയാറിൽ പറഞ്ഞിരിക്കുന്ന ബജറ്റായ 1300 കോടിയുടെ അഞ്ചു മടങ്ങെങ്കിലും ചെലവഴിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ടാകണം. അല്ലെങ്കിൽ അത് മുൻകൂട്ടി കണ്ടുവേണം അണക്കെട്ട് നിർമാണവുമായി മുന്നോട്ടുപോകാൻ.

idukki-mullapperiyar-dam

തന്നെയുമല്ല, പഴയ അണക്കെട്ടിനു താഴെയാണ് പുതിയ അണക്കെട്ട് പണിയാൻ ഉദ്ദേശിച്ചിരിക്കുന്നത്. ബലമുള്ള പാറ നിരത്തിക്കെട്ടി അവിടെനിന്നു വേണം പണി ആരംഭിക്കാൻ. എല്ലാവരും പറയുന്നതുപോലെ അപകടകരമായ അവസ്ഥയിലാണു മുല്ലപ്പെരിയാർ അണക്കെട്ട് നിലനിൽക്കുന്നതെങ്കിൽ പണി ആരംഭിക്കുമ്പോൾത്തന്നെ അണക്കെട്ട് പൊട്ടും. ഇടുക്കി ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങളിൽ 1–5 വരെയുള്ള സ്കെയിലിൽ 3–ാം നമ്പറിൽ പെടുന്ന സ്ഥലമാണ്. അങ്ങനെ നോക്കിയാൽ പ്രായോഗികമായി അണക്കെട്ടിനു താഴെ പുതിയതൊന്നു പണിയാനാകില്ല.

∙ പുതിയൊരു അണക്കെട്ട് സാധ്യമല്ലെങ്കിൽ പിന്നെന്താണ് ഇക്കാര്യത്തിൽ ചെയ്യാനാകുക?

തമിഴ്നാടിന്റെയും കേരളത്തിന്റെയും വാദങ്ങൾ കേട്ട് 2014 ൽ സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. 7/5/2014ലെ വിധിയുടെ 151–ാമത്തെ പേജിൽ പറയുന്നത് റിസർവോയറിന്റെ തറനിരപ്പിൽനിന്ന് 50 അടി മുകളിൽ തേക്കടി വശത്ത് ഒരു ടണൽ സ്ഥാപിച്ചു വെള്ളം തമിഴ്നാട്ടിലെത്തിച്ചു സംഭരിക്കണം എന്നാണ്. എല്ലാ വർഷവും തുലാവർഷം അവസാനിക്കാറാകുമ്പോഴാണ് ജലനിരപ്പ് 142 അടിയായി ഉയർത്തണം എന്നു തമിഴ്നാട് ആവശ്യപ്പെടാറുള്ളത്. കാരണം കാലവർഷം അവിടെയും പെയ്യുന്നുണ്ട്. അപ്പോഴവർക്കു വെള്ളം ആവശ്യമില്ല. പ്രതിസന്ധി മറികടക്കാനുള്ള മാർഗം സുപ്രീംകോടതിയുടെ നിർദേശപ്രകാരമുള്ള ടണൽ നിർമിക്കുകയും ജലം തമിഴ്നാട്ടിൽ സംഭരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയുമാണ്. അങ്ങനെ വന്നാൽ കേരളത്തിന് അപകട ഭീഷണിയില്ല, തമിഴ്നാടിനു കാര്യം നടക്കുകയും ചെയ്യും.

∙ രണ്ടു സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന് ഇക്കാര്യത്തിൽ ഒരു സമവായമുണ്ടാക്കുകയാണ് അപ്പോൾ വേണ്ടത്?

തീർച്ചയായും. അല്ലാതെ പുതിയ ഡാം എന്ന നിർദേശവുമായി മുന്നോട്ടുപോകരുത്. അതവർ അംഗീകരിച്ചിട്ടില്ല. തമിഴ്നാട് ഭാഗത്തേക്കാണല്ലോ ജലം കൊണ്ടുപോകുന്നത്. തേനി, ദിണ്ഡിഗൽ, മധുര തുടങ്ങി അഞ്ചു ജില്ലകളിൽ 2.17 ദശലക്ഷം ഏക്കറിൽ ഈ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചു ജലസേചനം നടത്തുന്നുണ്ട്. കറന്റ് ഉൽപാദിപ്പിക്കുന്നുണ്ട്. ഒരുകോടി തമിഴർക്കു കുടിവെള്ളം നൽകുന്നുണ്ട്. കേരളത്തിന് ആ വെള്ളം ഉപയോഗിച്ചു പ്രത്യേകിച്ച് എന്തെങ്കിലും നടത്താനുള്ള ശേഷിയോ താൽപര്യമോ ഇല്ല. അതു നമുക്കു ലഭിക്കുകയാണെങ്കിൽ അറബിക്കടലിൽ ചെന്നുചേരും, ആലുവയിലെയും എറണാകുളത്തെയും വെള്ളപ്പൊക്കം വർധിക്കാൻ കാരണമാവുകയും ചെയ്യും. അത് തമിഴ്നാട് കൊണ്ടുപോകട്ടെ. ഒരുപാട് മലയാളികൾ അവിടെയുള്ളതാണ്. അവരുമായി സംഘർഷത്തിനു നിൽക്കുന്നത് ശരിയല്ല.

∙ മുല്ലപ്പെരിയാർ ഉൾപ്പെടെ ലോകത്തെ ആറ് അണക്കെട്ടുകൾക്ക് ബലക്ഷയം ഉണ്ടെന്ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ‌ എൻവയൺമെന്റ് ആൻഡ് ഹെൽത്ത് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നല്ലോ. ഇത്തവണ കേരളത്തിൽ മികച്ച മഴ കിട്ടുമെന്നുമാണു പ്രതീക്ഷിക്കുന്നത്?

മുല്ലപ്പെരിയാർ മുഴുവൻ പൊട്ടിത്തകരുന്ന കാര്യത്തെ കുറിച്ചു സാങ്കേതികമായി ചർച്ച ചെയ്യുമ്പോൾ ആദ്യം വേണ്ടത് മുല്ലപ്പെരിയാർ പൊട്ടിയാൽ എന്തു സംഭവിക്കും എന്ന പഠനമാണ്, ഡാം ബ്രേക്ക് അനാലിസിസ് (ഡിബിഎ). അത് ഇന്നുവരെ കേരള സർക്കാരോ ജലസേചന വകുപ്പോ നടത്തിയിട്ടില്ല. പ്രാഥമികമായി നമ്മുടെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങൾ നാം ചെയ്യണം. അതു ചെയ്യാൻ ഇവിടുത്തെ ചീഫ് എൻജിനീയർമാർ മുതലുള്ളവർ തയാറല്ല. ഇടുക്കി ജലാശയം 60 ചതുരശ്ര കിലോമീറ്ററിലാണ് കിടക്കുന്നത്. ഇടുക്കി റിസർവോയറിന്റെ ശേഷി 70 ടിഎംസിയാണ്. അതേസമയം, മുല്ലപ്പെരിയാറിന്റേത് 15 ടിഎംസിയാണ്. മുല്ലപ്പെരിയാർ പൊട്ടിയാൽ വെള്ളം ഇടുക്കി റിസർവോയറിലേക്കാണ് വരുക. വരുന്ന ഭാഗത്തായി വശങ്ങളിൽ നാശനഷ്ടമുണ്ടാകും എന്നതു തീർച്ചയാണ്. അയ്യായിരത്തിൽ താഴെ ആളുകളെ അതു ബാധിക്കും, ജീവഹാനി ഉണ്ടായേക്കാം. സ്വത്തിനു നാശനഷ്ടമുണ്ടാകാം.

mullapperiyar

അവിടുത്തെ ടോപ്പോഗ്രഫി നോക്കിയാൽ അറിയാം, വെള്ളം പരന്ന് ഒഴുകില്ല. രണ്ടു മലകൾക്കിടയിലൂടെ ഇടുക്കി ജലാശയത്തിൽ വന്നു ചേരുകയേ ഉള്ളൂ. 15 ടിഎംസി ഇടുക്കി റിസർവോയറിൽ എത്തിയാൽ ഒരു ചെറുവിരൽ കൊണ്ട് അമർത്തുന്ന സമ്മർദ്ദം പോലും അതിനു ചെലുത്താൻ സാധിക്കില്ല. ആ ജലാശയത്തിലേക്ക് അത് ചേരും. ഏത് സാഹചര്യത്തിൽ പൊട്ടിയാലും ഇടുക്കിക്കു താഴേക്ക് ഒരു തുള്ളി വെള്ളം പോലും പോകില്ല. മാക്സിമം ജലനിരപ്പിൽനിന്ന് അഞ്ചടി കുഷ്യൻ ഇടുക്കി ഡാമിനു മുകളിലേക്ക് ഉണ്ട്. അതുകൊണ്ട് മുല്ലപ്പെരിയാറിലെ വെള്ളം അതിൽ വന്ന് ശാന്തമായി യോജിക്കും. തീർച്ചയായും മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള 20 കിലോമീറ്റർ വശത്ത് നാശനഷ്ടം ഉണ്ടാക്കും. അതിനുള്ള പ്രതിരോധമാണു സർക്കാർ കൈക്കൊള്ളേണ്ടത്. അത്തരമൊരു പഠനം നടത്തിയതായി അറിവില്ല. ഉണ്ടെങ്കിൽ അക്കാര്യം പരസ്യപ്പെടുത്തണം.

∙ കാലവർഷത്തിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ പക്ഷേ, കേരളം ആശങ്കപ്പെടാറുണ്ട്?

ഇടുക്കി ഡാം ലോകത്തെ സിവിൽ കൺസ്ട്രക്‌ഷൻ ഡാമുകളിൽ‌ വച്ച് മികച്ച നിർമാണം നടത്തിയിട്ടുള്ള ഒന്നാണ്. പണി തീർന്നിട്ട് 50 കൊല്ലം ആകാൻ പോകുന്നു. 1976 ൽ ആയിരുന്നു ഉദ്ഘാടനം. 100 കിലോ തൂക്കമാണു താങ്ങേണ്ടതെങ്കിൽ 600 കിലോ തൂക്കം താങ്ങാനുള്ള രൂപകൽപനയും നിർമാണവുമാണു നടത്തേണ്ടത്. അത് ഇടുക്കിയിൽ‌ കൃത്യമായി പാലിച്ചിട്ടുണ്ട്. കനേഡിയൻ എൻജിനീയർമാരാണ് അതു ചെയ്തത്. ക്വാളിറ്റിയുള്ള സിമന്റ് ഉപയോഗിച്ചായിരുന്നു നിർമാണം, ഐസ് ഉപയോഗിച്ചാണ് കോൺക്രീറ്റ് മിശ്രണം ഉണ്ടാക്കിയത്. അവശ്യ സന്ദർഭങ്ങളിൽ കരാർ അനുസരിച്ച് കനേഡിയൻ എൻജിനീയർമാർ വന്ന് പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.

∙ മുല്ലപ്പെരിയാറിനെക്കുറിച്ച് അപ്പോൾ മലയാളിsകൾക്കുള്ള ഭീതി അസ്ഥാനത്താണെന്നാണോ?

പൊതുജനങ്ങളിൽ ഭൂരിഭാഗം പേർക്കും സാങ്കേതികമായ അറിവ് ഇല്ല. അവരിൽ പലർക്കം ഇവിടെ 77.7% വൈദ്യുതിയും പുറമേ നിന്നു വാങ്ങിക്കുന്നതാണെന്ന് അറിഞ്ഞുകൂടാ. അതിനുവേണ്ടി 8823 കോടി രൂപ കേരളത്തിനു പുറത്തേക്ക് ഒഴുകിയെന്ന് അറിഞ്ഞുകൂടാ. പൊതുജനങ്ങളുടെ അജ്ഞതയാണ് ഓരോ രംഗത്തുള്ള വിദഗ്ധരും രാഷ്ട്രീയക്കാരും മുതലാക്കുന്നത്. മുല്ലപ്പെരിയാർ പൊട്ടി കേരളത്തിലെ തെക്കൻ ജില്ലകൾ ഒലിച്ചുപോകും എന്നൊരു പ്രചാരണം ഉണ്ടായത് ഓർമിയില്ലേ. എന്ത് അടിസ്ഥാനത്തിലായിരുന്നു അത്. വൈകാരികമായി ചിന്തിക്കാതെ വിവേകത്തോടെ ചിന്തിക്കണം മലയാളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com