ADVERTISEMENT

കോഴിക്കോട് ∙ കാലിക്കറ്റ് എൻഐടി ക്യാംപസിൽ രാത്രിസഞ്ചാരത്തിനു നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാർ‌ഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ. സമരത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർഥികൾ ചേർന്ന് പിഴത്തുക അടയ്ക്കണമെന്നും മറ്റ് അച്ചടക്ക നടപടികളുമുണ്ടാകുമെന്നും എഴു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും അധികൃതർ നൽകിയ നോട്ടിസിൽ പറയുന്നു.

മാർച്ച് 22 ന് ക്യാംപസിൽ നടന്ന സമരത്തിന് നേതൃത്വം കൊടുത്ത വൈശാഖ് പ്രേംകുമാർ, കൈലാഷ് നാഥ്, ഇർഷാദ് ഇബ്രാഹിം, ജെ.ആദർഷ്, ബെൻ തോമസ് എന്നിവർക്കാണ് നോട്ടിസ് നൽകിയത്. ഒരാൾ 6 ,61,155 രൂപ വീതം അടയ്ക്കണം. സമരത്തിനിടെ ക്യാംപസിലെ വസ്തുവകകൾക്ക് നാശം സംഭവിച്ചു, സമരം മൂലം ജീവനക്കാർക്ക് എത്താൻ കഴിയാത്തതിനാൽ ക്യാംപസിന്റെ പ്രവർത്തനം മുടങ്ങി, ഒരു പ്രവൃത്തി ദിവസം നഷ്ടമായി, അതുമൂലം ക്യാംപസിനുണ്ടായ നഷ്ടം നികത്താൻ വിദ്യാർഥികൾ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടിസിൽ പറയുന്നത്.

വിദ്യാർഥികൾ അർധരാത്രിക്കു മുൻപ് ഹോസ്റ്റലിൽ കയറണമെന്ന ഡീനിന്റെ സർക്കുലറിനെ തുടർന്നായിരുന്നു സമരം. രാത്രി പുറത്തുപോകുന്നത് വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുമെന്നു പറഞ്ഞായിരുന്നു സർക്കുലർ ഇറക്കിയത്. മുൻപ് 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കന്റീൻ രാത്രി 11 വരെയാക്കുകയും ചെയ്തു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.

ഇതിനിടെ, പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാന പാത എൻഐടിയുടേതാണെന്നും അതിക്രമിച്ചു കടക്കരുതെന്നും അറിയിച്ച് എൻഐടി സ്ഥാപിച്ച ബോർഡ് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ എടുത്തുമാറ്റിയിരുന്നു. എൻഐടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.

English Summary:

Calicut NIT Students Fined Rs 33 Lakh for Protesting Against Night Time Restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com