പോക്സോ കേസ്: യെഡിയൂരപ്പയ്ക്കെതിരെ അറസ്റ്റ് വാറന്റ്
Mail This Article
ബെംഗളൂരു ∙ മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്‌ക്കെതിരായ പോക്സോ കേസിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി. സിഐഡി അപേക്ഷയെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അദ്ദേഹത്തിന് നോട്ടിസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഡൽഹിയിലാണെന്ന് കാണിച്ച് ജൂൺ പതിനേഴിന് ഹാജരാകാമെന്നാണ് യെഡിയൂരപ്പ അറിയിച്ചത്.
അറസ്റ്റു ഭയന്ന് കർണാടക ഹൈക്കോടതിയിൽ അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. നാളെ പരിഗണിക്കും. പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യെഡിയൂരപ്പയ്ക്കെതിരെ മാർച്ച് 14നാണ് പോക്സോ കേസ് റജിസ്റ്റർ ചെയ്യുന്നത്. പെൺകുട്ടിയുടെ അമ്മയാണ് സദാശിവ്നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഫെബ്രുവരി രണ്ടിന് വഞ്ചനാകേസുമായി ബന്ധപ്പെട്ട് യെഡിയൂരപ്പയുടെ സഹായം ആവശ്യപ്പെട്ട് അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അന്നാണ് മോശം അനുഭവം ഉണ്ടായതെന്നും പരാതിയിൽ പറയുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങളെ യെഡിയൂരപ്പ നിഷേധിച്ചു.
യെഡിയൂരപ്പയെ അറസ്റ്റ് ചെയ്തേക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര നേരത്തേ സൂചന നൽകിയിരുന്നു. ‘‘പൊലീസ് അന്വേഷിച്ച് നിയമപ്രകാരം നടപടി കൈക്കൊള്ളും. അദ്ദേഹം കുറ്റക്കാരനാണെന്നോ അല്ലെന്നോ ഞാൻ പറയില്ല. നിയമം എല്ലാവർക്കും തുല്യമാണ്. ആരും നിയമത്തിന് അതീതരല്ല.’’– കർണാടക മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.