പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാതെ കേന്ദ്രം; കുവൈത്ത് യാത്ര ഉപേക്ഷിച്ച് വീണാ ജോർജ്
Mail This Article
കൊച്ചി ∙ തീപിടിത്ത ദുരന്തമുണ്ടായ കുവൈത്തിലേക്ക് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി പോകേണ്ടിയിരുന്ന മന്ത്രി വീണാ ജോർജ് അവസാനനിമിഷം യാത്ര ഉപേക്ഷിച്ചു. കേന്ദ്രത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാതിരുന്നതോടെയാണു മന്ത്രി യാത്ര ഉപേക്ഷിച്ചത്. രാത്രി 9.40ന് പുറപ്പെടുന്ന വിമാനത്തിൽ കയറാൻ വീണാ ജോർജ് 9.30 വരെയും വിമാനത്താവളത്തിലുണ്ടായിരുന്നു. അവസാന നിമിഷം കേന്ദ്ര അനുമതി കിട്ടാതെ വന്നതോടെയാണു യാത്ര ഉപേക്ഷിച്ചത്. കേന്ദ്ര സർക്കാരിന്റെ നടപടി അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും തെറ്റാണെന്നും വീണാ ജോർജ് പറഞ്ഞു.
യാത്രയ്ക്കായി ഡൽഹിയിലെ റസിഡന്റ് കമ്മിഷണർ മുഖാന്തരം നടത്തിയ ശ്രമവും പരാജയപ്പെട്ടു. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാൻ കേന്ദ്രം തയാറായിട്ടില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തിലുണ്ട്. വെള്ളിയാഴ്ച പുലർച്ചെ 3.30ന് കുവൈത്തിൽനിന്നും വിമാനങ്ങൾ തിരിക്കും. രാവിലെ 8.30ന് കൊച്ചിയിലെത്തുന്ന വിമാനത്തിൽനിന്നും മൃതദേഹങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും.
വിദേശത്ത് ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോൾ സംസ്ഥാനങ്ങളിൽനിന്നു മന്ത്രിമാർ പോകുന്ന കീഴ്‌വഴക്കമില്ലെന്നു മുൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. വീണാ ജോർജിന്റെ യാത്രയെ വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ദുരന്ത സ്ഥലത്ത് സർക്കാർ പ്രതിനിധിയെ ഉചിതമായ സമയത്ത് അയയ്ക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം. വീണയുടെ യാത്രയ്ക്ക് അനുമതി നൽകാതിരുന്ന കേന്ദ്ര സർക്കാർ നടപടി വരുംദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കും.