ADVERTISEMENT

പാമ്പാടി ∙ പുതിയ വീടും കാറും എന്ന സ്വപ്നം ബാക്കിവച്ചാണ് കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ സാബു ഏബ്രഹാം കുവൈത്തിൽ മരണത്തിനു കീഴടങ്ങിയത്. ബുക്ക്‌ ചെയ്തിരുന്ന പുതിയ കാർ കഴിഞ്ഞദിവസം വീട്ടിൽ‍ എത്തേണ്ടതായിരുന്നു. ഇതിനിടിയിലാണ് ദുരന്തം ആ സന്തോഷം കെടുത്തിയത്. 

വാടക വീട്ടിൽനിന്നും മാറി സ്വന്തമായി ഒരു വീട്, അവിടെ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം ജീവിക്കണം. അതായിരുന്നു സ്റ്റെഫിന്റെ മറ്റൊരു ആഗ്രഹം. ആറുമാസം മുൻപ് നാട്ടിലെത്തിയപ്പോൾ വീടിന്റെ പണി തുടങ്ങി. ദിവസവും വീടിന്റെ പണികൾ എന്തായി എന്ന് അറിയാൻ പിതാവ് സാബു ഏബ്രഹാമിനെയും അമ്മ ഷേർലിയേയും വിളിക്കും. മിക്കപ്പോഴും വിഡിയോ കോളിലൂടെ തന്റെ സ്വപ്ന ഭവനം സ്റ്റെഫിൻ കാണുമായിരുന്നു. മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ മോഹിച്ച ആ വീട്ടിലേക്ക് സ്റ്റെഫിൻ അടുത്ത ദിവസം എത്തുക ചേതനയറ്റ നിലയിലാണ്. 

stephin-home-kuwait-fire
പുതുതായി നിർമിക്കുന്ന വീട്

പുതിയ വീടിന്റെ പണികൾ പൂർത്തിയാകുന്നതേയുള്ളൂ. പെയിന്റിങ് തീർന്നിട്ടില്ല. വീടിന്റെ പ്രതിഷ്ഠാ ചടങ്ങുകൾക്കായി കുവൈത്തിൽ തന്നെയുള്ള സഹോദരൻ ഫെബിനും ഇസ്രയേലിലുള്ള സഹോദരൻ കെവിനും, സ്റ്റെഫിനൊപ്പം ഒന്നിച്ചു നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു. സ്റ്റെഫിന്റെ മൃതദേഹം ആദ്യം വാടകവീട്ടിലും പിന്നീട് പണിതീരാത്ത സ്വന്തം വീട്ടിലും എത്തിക്കും. 

സംസ്കാരം പിന്നീട് ഒൻപതാം മൈലിലുള്ള സഭാ സെമിത്തേരിയിൽ നടത്തും. ഐപിസി സഭയിലെ കീബോർഡിസ്റ്റ് ആയിരുന്ന സ്റ്റെഫിൻ സഭയുടെ പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യവും, മികച്ച സംഘാടകനും ആയിരുന്നു.

English Summary:

Unfinished House and Unfulfilled Dreams: The Heartbreaking Story of Stephin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com