എൻഐടിയിലേക്കുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷം; മതിലിടിഞ്ഞ് പൊലീസുകാരന് പരുക്ക്
Mail This Article
കോഴിക്കോട്∙ എൻഐടിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് പൊലീസുകാരന് പരുക്കേറ്റു. കുന്നമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രമേശനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡിൽ തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രധാന കവാടത്തിന് സമീപത്തെ മതിൽ പൊളിഞ്ഞു വീണത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ക്യാംപസിനുള്ളിൽ സമരം ചെയ്തതിന് വിദ്യാർഥികളിൽ നിന്നും ഭീമമായ പിഴ ഈടാക്കാനുള്ള എൻഐടി നീക്കത്തിനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധ മാർച്ച്.
രാത്രിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഉൾപ്പെടെ നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ക്യാംപസിൽ സമരം നടത്തിയിരുന്നു. നാശനഷ്ടമുണ്ടായതിനാലും ക്ലാസ് മുടങ്ങിയതിനാലും നേതൃത്വം നൽകിയ 5 വിദ്യാർഥികൾ ചേർന്ന് 33 ലക്ഷം രൂപയോളം പിഴയടക്കണമെന്നാണ് എൻഐടി അധികൃതർ നോട്ടിസ് നൽകിയിരിക്കുന്നത്.