ജി7 ഉച്ചകോടിയിൽ ആദ്യമായി ഫ്രാൻസിസ് മാർപാപ്പ; ആശ്ലേഷിച്ചും കുശലം പറഞ്ഞും പ്രധാനമന്ത്രി മോദി– വിഡിയോ
Mail This Article
അപുലിയ∙ ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്. മാർപാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി, കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇരുവരും തമ്മിൽ ഇന്ന് ചർച്ച നടത്തുന്നുണ്ട്.
ജി7 ഉച്ചകോടിയിൽ ഇതാദ്യമായാണ് മാർപാപ്പ പങ്കെടുക്കുന്നത്. ഇന്നു നടക്കുന്ന നിര്‍മ്മിതബുദ്ധി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പയും പങ്കെടുക്കുന്നുണ്ട്. ക്ഷണിതാക്കളായ രാജ്യങ്ങളുടെ ചർച്ചയിലേക്കാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ക്ഷണം. ഇന്ത്യടക്കം ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും.
ആദ്യമായാണ് ഒരു മാർപാപ്പ ജി7 ഉച്ചകോടിയിൽ ചര്‍ച്ചയിൽ പങ്കെടുക്കുന്നതും നിർമിതബുദ്ധിയുടെ പ്രയോഗത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കുന്നതും. നിർമിതബുദ്ധി സൃഷ്ടിക്കുന്ന പ്രതിസന്ധികളും ദുരുപയോഗ സാധ്യതകളുമായി ബന്ധപ്പെട്ട ആശങ്കകളും ചർച്ചയാകും. ഇത്തരം വിഷയങ്ങളിൽ ആകുലതയുണ്ടെന്നും നിയമസംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും സമാധാന സന്ദേശത്തിൽ മാര്‍പാപ്പ ലോകനേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഇറ്റലിയില്‍ ജൂൺ 13ന് ആരംഭിച്ച് 15ന് അവസാനിക്കുന്ന അന്‍പതാമത് ജി7 ഉച്ചകോടിയിൽ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. റഷ്യ – യുക്രെയ്ന്‍ പ്രതിസന്ധി, മധ്യപൂർവേഷ്യയിലെ പ്രശ്നങ്ങൾ, കാലാവസ്ഥാ പ്രതിസന്ധി, കുടിയേറ്റം, ഭക്ഷ്യസുരക്ഷ, നിർമിത ബുദ്ധിയുടെ ശരിയായ പ്രയോഗം തുടങ്ങിയവയാണ് മുഖ്യ ചർച്ചാവിഷയങ്ങള്‍.