ADVERTISEMENT

കൊച്ചി∙ വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്ക്രീൻഷോട്ട്’ പ്രചരിപ്പിച്ചതിനു പിന്നിൽ ആരാണെന്ന് കണ്ടെത്താനായില്ലെന്ന് വടകര പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ കുറ്റാരോപിതനും ഹൈക്കോടതിയിലെ ഹർജിക്കാരനുമായ പി.കെ.മുഹമ്മദ് ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും സംഭവത്തിൽ ഖാസിമിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്നും വടകര റൂറൽ എസ്പി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. സ്ക്രീൻഷോട്ട് കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഖാസിം നൽകിയ ഹർജിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 

‘യൂത്ത് ലീഗ് നെടുമ്പ്രമണ്ണ’ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് ഖാസിമിന്റെ പേരിലുള്ള സ്ക്രീൻ ഷോട്ടാണ് പ്രചരിച്ചത്. എന്നാൽ കോഴിക്കോട് റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഖാസിമിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇത്തരമൊരു പോസ്റ്റ് ആ ഫോണിൽ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല എന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരമൊരു വാട്സ്ഗ്രൂപ്പ് നിലവിലുണ്ടോ എന്ന കാര്യവും ഖാസിമിന്റെ പേരിലുള്ള മൊബൈൽ നമ്പറുകളിൽ എത്ര വാട്സ്ആപ് ഗ്രൂപ്പുകളുണ്ടെന്ന് കണ്ടെത്താനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.  

സ്ക്രീൻഷോട്ട് ആദ്യമായി ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിനെക്കുറിച്ചും ഇപ്പോഴും ഈ പോസ്റ്റ് നിലനിൽക്കുന്ന ‘പോരാളി ഷാജി’ എന്ന ഗ്രൂപ്പിനെ സംബന്ധിച്ചും വിവരങ്ങൾ ഫെ്സ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് കുറ്റ്യാടി മുൻ എം.എൽ.എ കെ.കെ.ലതിക അടക്കം 12 പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

വ്യാജ പോസ്റ്റ് നീക്കം ചെയ്യാനായി അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരിൽ ഫെയ്സ്ബുക്കിന്റെ നോഡൽ ഓഫീസറെ കേസിൽ പ്രതി ചേർത്തതായും ഫെയ്സ്ബുക്ക് അധികാരികളിൽ നിന്നും റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളു എന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം മുന്നോട്ടു പോവുന്ന സാഹചര്യത്തിൽ ഹർജി തള്ളിക്കളയണമെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary:

Police Unable to Trace Source of ‘Kafir Screenshot’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com